മൂവാറ്റുപുഴയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയുമായി എൽദോസ് കുന്നപ്പിള്ളി. സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നു എന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുള്ള കേസ് ചിലർ ഹൈക്കമാൻഡിന് മുന്നിൽ പെരുപ്പിച്ചു കാണിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണ് നേതൃത്വത്തിൽ നിന്നുണ്ടായതെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നതെന്ന ഗുരുതരമായ ആരോപണമാണ് എൽദോസ് കുന്നപ്പള്ളി ഉന്നയിക്കുന്നത്. എ.കെ. ആൻ്റണി നൽകിയ റിപ്പോർട്ട് പോലും പരിഗണിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രശനങ്ങൾ ഉള്ള മറ്റുള്ളവർക്കും ഇടതുപക്ഷത്തുനിന്ന് വന്നവർക്കും സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം മാറ്റിനിർത്തിയത് വലിയ വേദനയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.