സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തികൊണ്ടുള്ള ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്ത്. ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തിക ലെവൽ മാറും, ജില്ലാ നേതൃത്വത്തിൽ സാമ്പത്തികമായി ആർക്കും പ്രശ്‌നമില്ലെന്നും സന്ദേശത്തിലുണ്ട്. സുഹൃത്തും സിപിഎം നേതാവുമായ നിബിൻ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
അഞ്ചുവർഷം മുൻപ് നടത്തിയ ഫോൺ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നു. എസി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് വൻകിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകൾ. കമ്മിറ്റിയിലെ ആർക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നിൽ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോൾ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോൾ കിട്ടുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓഡിയോ സന്ദേശത്തിലുണ്ട്.
പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുമ്പോഴും വലിയ സാമ്പത്തിക സ്ഥിതിയിലാണ് എല്ലാവരും എന്ന് മറുപടി പറയുന്നുണ്ട്. അനൂപ് ഡേവിസ് കാട, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ വർഗീസ് കണ്ടംകുളത്തി എന്നിവർക്കെല്ലാം വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശരത്പ്രസാദ് പറയുന്നു. നേരത്തേ കരുവന്നൂർ കേസിൽ പ്രതിക്കൂട്ടിലായിരുന്ന നേതാക്കൾക്കെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദസന്ദേശമെന്നതിനാൽ ഇത് സിപിഎം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കും.
എസി മൊയ്തീൻ, എംകെ കണ്ണൻ, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റ് അന്വേഷണത്തിന് വിധേയമായതാണ്. ഇതെല്ലാം ശരിവെയ്ക്കുംവിധത്തിലാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശം. മണ്ണുത്തി ഏരിയാ കമ്മിറ്റിയിലുണ്ടായ ചില അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നത്.