ആര്‍എസ്എസ് ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു: ബിജെപി നേതാക്കളുടെ പരാതിയില്‍ കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസറെ മാറ്റി; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിഭ

ആര്‍.എസ്.എസിനെ പ്രകീര്‍ത്തിക്കുന്ന ഡോക്യുമെന്ററിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡ് കേരള റീജിയണല്‍ ഓഫീസറുടെ കസേര തെറിപ്പിച്ചു. തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസര്‍ ഡോ. എ. പ്രതിഭയെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം പുതിയ റീജിയണല്‍ ഓഫീസറായി മറ്റൊരു വനിതയെ നിയമിച്ചെങ്കിലും അവര്‍ ഓഫീസിലെത്തി ചുമതലയേല്‍ക്കാതെ മടങ്ങി. ഡോ. പ്രതിഭയെ സ്ഥാനത്ത് നിന്ന് മാറ്റിയതായി കഴിഞ്ഞദിവസം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് വാക്കാല്‍ അറിയിച്ചെങ്കിലും ഔദ്യോഗികമായി രേഖാമൂലം അറിയിപ്പ് കിട്ടാതെ ചുമതല ഒഴിയില്ലെന്ന നിലപാടിലാണ് അവര്‍.

സംഭവം വിവാദമായതോടെയാണ് പകരമെത്തിയ വനിതാ ഓഫീസര്‍ ചിത്രാഞ്ജലിയിലെ സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ എത്തിയ ശേഷം ചുമതല ഏറ്റെടുക്കാതെ മടങ്ങിയത്.

അടിയന്തരാവസ്ഥക്കാലത്തെ അക്രമങ്ങളെക്കുറിച്ച് യദു കൃഷ്ണന്‍ സംവിധാനം ചെയ്ത “21 മന്ത്സ് ഓഫ് ഹെല്‍” എന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ വിമുഖത കാട്ടിയെന്നതാണ് ഡോ. പ്രതിഭയ്ക്ക് എതിരെയുള്ള ആര്‍.എസ്.എസിന്റെ പരാതി. ചരിത്രം വളച്ചൊടിച്ചും ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചുമുള്ള ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. പ്രതിഭയുടെ നേതൃത്വത്തില്‍ ചിത്രം കണ്ട ഫിലിം സര്‍ട്ടിഫിക്കേഷന്‍ പാനല്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നതെന്നും അക്കാലത്തെ അക്രമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വികലമായ രീതിയിലാണെന്നും സെന്‍സര്‍ പാനല്‍ സംവിധായകനെ അറിയിച്ചു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയാറായില്ല. ഇതിന് പിന്നാലെ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കെതിരെ പ്രതിഷേധിച്ച് പരസ്യമായി രംഗത്ത് എത്തി.

അടിയന്തരാവസ്ഥയെ ധീരമായി നേരിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയെന്ന ഒറ്റക്കാരണം കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് കുമ്മനം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതൃത്വം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കിയതോടെയാണ് ഡോ. പ്രതിഭയെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടി തുടങ്ങിയത്.

നേരത്തെ ആര്‍.എസ്.എസ് അനുകൂലികളായ ഫിലിം സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരം നിരവധി സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചത് വിവാദമായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത “സെക്സി ദുര്‍ഗ്ഗ”യെന്ന ചിത്രത്തിലെ നിരവധി ഭാഗങ്ങള്‍ കട്ട് ചെയ്തും ചിത്രത്തിന്റെ പേര് തന്നെ മാറ്റിയും സെന്‍സര്‍ ബോര്‍ഡ് വിവാദം സൃഷ്ടിച്ചിരുന്നു. ഈ വിവാദങ്ങളിലെല്ലാം സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് അനുകൂല നിലപാടായിരുന്നു കേരളത്തിലെ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം സ്വീകരിച്ചിരുന്നത്.

കഥകളി എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ നായകന്റെ നഗ്‌നമായ പിന്‍ഭാഗം കാണുന്നുവെന്ന് ആരോപിച്ച് ആ ചിത്രത്തിനും സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതും വിവാദമായിരുന്നു. ഏറ്റവുമൊടുവില്‍, നവാഗതനായ ജുബിത്ത് നമ്രടത്ത് സംവിധാനം ചെയ്ത “ആഭാസം” എന്ന ചിത്രത്തിനെതിരെയും സെന്‍സര്‍ ബോര്‍ഡ് രംഗത്തുവന്നു. ചിത്രത്തിലെ ഒരു സീനില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണുന്നുവെന്ന് ആരോപിച്ച് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വിവാദമായത്. ചിത്രത്തിലെ നിരവധി ഡയലോഗുകള്‍ മ്യൂട്ട് ചെയ്യാനും സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ആര്‍.എസ്.എസ് നേതൃത്വത്തിന് അനഭിമതനായതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പഹ്ലാജ് നിഹലാനിയെ നീക്കം ചെയ്ത സമാനതയാണ് ഡോ. പ്രതിഭയ്ക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. 2015 ജനുവരി 19-ന് സ്ഥാനമേറ്റെടുത്ത നിഹലാനിക്കെതിരെ ആര്‍.എസ്.എസ് നേതൃത്വം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രസൂണ്‍ ജോഷിയെ പകരം നിയമിച്ചത്.

അതേസമയം, നടപടി അംഗീകരിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നുമെന്നുള്ള നിലപാടിലാണ് ഡോ. പ്രതിഭ.

Latest Stories

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു