ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ. ഹാരിസ് ചിറയ്ക്കൽ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളിൽ. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു. 1600 കോടി ഒരു വർഷം സംസ്ഥാനം നൽകിയെന്നും മന്ത്രി വിശദീകരിച്ചു.
സിസ്റ്റത്തിനു വീഴ്ച എന്നു സമ്മതിച്ച ആരോഗ്യ മന്ത്രി, സർക്കാർ കൂടി ഉൾപ്പെട്ട സിസ്റ്റമാണെന്നും മാറ്റം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങൾ ഇതിനോടകം മറ്റ് ഡോക്ടർമാരും ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.