ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും. തനിക്ക് ലഭിച്ച വിവരങ്ങള്‍ മുഴുവൻ എസ്‌ഐടിക്ക് മുന്നില്‍ മൊഴിയായി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയ്യാറാക്കുന്നത്.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് രമേശ് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കൈമാറുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.
രാവിലെ 11മണിക്ക് രമേശ് ചെന്നിത്തല മൊഴി കൊടുക്കും. കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണെന്നും മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇത്ര പ്രമാദമായ കേസാവുമ്പോള്‍ കിട്ടിയ വിവരം ഒതുക്കി വെക്കുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും ചെന്നിത്തല വ്യക്തമാക്കി.