ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമർശം ഉള്ളത്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും ദേവസ്വം വിജിലന്‍സിന്റെ റിപ്പോർട്ടിൽ പറയുന്നു.
ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തലിൽ പ്രധാനപ്പെട്ടത്. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ സംശയനിഴലിൽ നിർത്തുന്നതാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോർട്ട്.
വിവാദത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്‍റെയും സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും വാദങ്ങൾ തള്ളിയാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ.2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറുമ്പോൾ ചെമ്പായിരുന്നുവെന്നാണ് ദേവസ്വം രേഖകളിൽ പറയുന്നത്. ഇതിൽ പിടിച്ചായിരുന്നു പോറ്റിയുടെ ഇതുവരെയുള്ള പ്രതിരോധം. എന്നാൽ, യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998-99 കാലത്ത് ദ്വാരക പാല ശില്പങ്ങളിൽ മാത്രം ഒന്നര കിലോ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ.
ശ്രീകോവിലിൽ പ്രതിഷ്ഠിച്ച എട്ട് പാളികളിലായി നാലു കിലോ സ്വർണവും പൊതിഞ്ഞു. എട്ട് പാളികളിൽ വശത്തെ രണ്ട് പാളികളും ദ്വാരപാലക ശില്പത്തിന്‍റെ എല്ലാ പാളികളും 2019ൽ പോറ്റിക്ക് കൈമാറി. ഇതെല്ലാം സ്വർണ്ണമായിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ പോറ്റി തിരിച്ചെത്തിച്ചപ്പോൾ അതിലുണ്ടായിരുന്നത് 394 ഗ്രാം സ്വർണ്ണം മാത്രമാണ്. വശത്ത പാളികളിലെ സ്വർണത്തിന്‍റെ കണക്കിൽ ഇനിയും വ്യക്തത വരണം. ഇത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.