സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടമാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി കത്തിൽ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ ആരോപണമായി ഇതിനെ കാണാനാകില്ലെന്നും കത്തിൽ പറയുന്നു.
ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായാണ് സിപിഎം എത്തിയിരിക്കുന്നത്. കത്തിൻ്റെ പകർപ്പ് ഇന്ത്യ സഖ്യത്തിൻ്റെ മറ്റു നേതാക്കൾക്കും എംഎ ബേബി കൈമാറിയിട്ടുണ്ട്. കോൺഗ്രസ് നടത്തിയ ആസൂത്രിത ആരോപണമെന്നാണ് എം എ ബേബി കത്തിൽ പറയുന്നത്. ഇത്തരം ആരോപണം ഉന്നയിക്കുന്നതിലൂടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യം കൂടി കോൺഗ്രസിന് ഉണ്ടായിരുന്നുവെന്നും കത്തിൽ പറയുന്നു.
2023ൽ ഇന്ത്യ സഖ്യം ഉണ്ടായതുമുതൽ സഖ്യത്തിൻ്റെ നെടുംതൂണായി പ്രവർത്തിച്ച ഒരു പാർട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ ആരോപണത്തെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വ്യക്തത വരുത്താത്തിടത്തോളം കാലം ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്‌ടപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുമെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.