കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിക്കുകയാണെന്ന് ബിജെപി. വലിയ ക്രമസമാധാന പ്രശ്‌നമാണ് എസ്എഫ്‌ഐ കേരളാ യൂണിവേഴ്‌സിറ്റിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഗുണ്ടകളും മറ്റും യൂണിവേഴ്‌സിറ്റി ഭരണ കേന്ദ്രം ആക്രമിച്ചിട്ടും പോലീസ് നിഷ്‌ക്രിയ സമീപനമാണ് സ്വീകരിച്ചത്.
ആരോഗ്യ മേഖല ഉള്‍പ്പെടെ കേരളത്തിലെ എല്ലാ മേഖലകളും തകര്‍ന്ന് തരിപ്പണമായി മാറി. തെരുവ് നായ ആക്രമണവും, വിലക്കയറ്റവും, നിപ്പയും എല്ലാം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളില്‍ നിന്ന് ശ്രദ്ധ അകറ്റാന്‍ ആണ് എസ്എഫ്‌ഐയെ ഉപയോഗിച്ച് കേരളം സംഘര്‍ഷഭരിതമാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. ഇന്ന് കേരളത്തിലെ സര്‍വകലാശാലാ സ്ഥാനങ്ങളിലേക്ക് നടന്ന എസ്എഫ്‌ഐയുടെ മാര്‍ച്ച് അത്തരം ശ്രമങ്ങളുടെ ഭാഗമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ അപകട രാഷ്ട്രീയത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബിജെപി എണ്ണമിട്ട് പറയുകയും, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങള്‍ ആ വിഷയങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാണ് എസ്എഫ്‌ഐയെ ഉപയോഗിച്ച് മനപ്പൂര്‍വ്വം കലാലയങ്ങളിലും പൊതു ഇടങ്ങളിലും സംഘര്‍ഷം ഉണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്.
എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും ഉപയോഗിച്ച് എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും, ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ബിജെപി ഏറ്റെടുക്കും. പരിഹാരം കാണും വരെ സമരം തുടരും എന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.