സിപിഎം രക്തസാക്ഷികളെ മറന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യുപിഎസ്‌സി പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ റവാഡ എ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാല്‍. റവാഡ ചന്ദ്രശേഖറുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്ന് വേണുഗോപാല്‍ പറഞ്ഞു.
എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിന്‍ അഗര്‍വാളിനെയും തഴഞ്ഞ് റവാഡ ചന്ദ്രശേഖറെ ഡിജിപയായി നിയമിച്ചു എന്നും വേണുഗോപാല്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള ഡീലാണ് ഡിജിപി നിയമനം. റവാഡ മോശക്കാരനാണെന്ന് അഭിപ്രായമില്ല. സിപിഎം രക്തസാക്ഷികളെ മറന്നു. മുന്‍നിലപാട് തെറ്റായിപ്പോയെന്ന് പറയാന്‍ സിപിഎം ആര്‍ജവം കാട്ടണമെന്നും വേണുഗോപാല്‍ ആരോപിച്ചു.
1994ല്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ റവാഡയെ പ്രതിചേര്‍ത്തിരുന്നു. 2012ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. തലശേരി എഎസ്പിയായിരിക്കെയാണ് വെടിവയപ്പിന് റവാഡ ഉത്തരവിട്ടത്. തുടര്‍ന്ന് സസ്‌പെഷനിലായി. ജുഡിഷ്യല്‍ അന്വേഷണത്തിനുശേഷമാണ് സര്‍വീസില്‍ തിരിച്ചെത്തിയത്.