ഇത് തീക്കളിയാണെന്ന് ഓര്‍മ വേണം; പാര്‍ടിയെ വിരട്ടാമെന്ന് ഇഡി കരുതേണ്ട; കരുവന്നൂര്‍ ബാങ്ക് അഴിമതി കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം

തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയുടെ സമുന്നത നേതാക്കളേയും വേട്ടയാനാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് സിപിഎം. ഇഡി ജനാധിപത്യ മര്യാദകളുടെ സര്‍വപരിധികളും ലംഘിക്കുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീന്‍ എം എം വര്‍ഗീസ് എന്നിവരെ രാഷ്ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.

പാര്‍ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവര്‍ കരുവന്നൂര്‍ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്. സര്‍ക്കാരിനൊപ്പം നിന്ന് അഴിമതിക്കാര്‍ക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവര്‍ത്തനം പുനസ്ഥാപിച്ച് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുകയുമാണ് ഈ നേതാക്കള്‍ ചെയ്തത്. ഇവര്‍ക്കെതിരായ കേസ് കോടതിയില്‍ തള്ളിപ്പോകുമെന്ന് ഉറപ്പാണെന്നിരിക്കെ, ആര്‍എസ്എസ് താല്‍പര്യം സംരക്ഷിച്ച് പാര്‍ടിയേയും നേതാക്കളേയും അധിക്ഷേപിക്കാനാണ് പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്തത്. ഇത് തീക്കളിയാണെന്ന് ഓര്‍മ വേണം.

രാഷ്ട്രീയ താല്‍പര്യങ്ങളോടൊപ്പം സംസ്ഥാന വിജിലന്‍സ് ഇ ഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെപിടികൂടിയതിന്റ ജാള്യവും വിരോധവും ധൃതിപ്പെട്ടുള്ള കുറ്റപത്ര സമര്‍പ്പണത്തിലുണ്ട്. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുന്നതിന് നേതൃത്വം നല്‍കുന്നത് ഇ ഡി യുടെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇ ഡി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാത്തരത്തിലുള്ള അനധികൃത ഇടപെടലുകളും ഫെഡറലിസത്തിന് തന്നെ വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി പറഞ്ഞത്. അങ്ങിനെയുള്ള ഇ ഡി, നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്ത് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതണ്ട.

ആര്‍എസ്എസ്-ബിജെപി യജമാനന്മാരുടെ കിങ്കരന്മാരായി ഇറങ്ങി ജനങ്ങളുടെ പിന്തുണയോടെ വളര്‍ന്ന നേതാക്കളെ വീഴ്ത്തിക്കളയാമെന്നാണ് ഇഡിയുടെ മോഹമെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതി. എന്തും ചെയ്യാമെന്നും ആരേയും വേട്ടയാടാമെന്നും ആണ് ബിജെപി യുടെ കരുക്കളായ ഇ ഡി ഉദ്യോഗസ്ഥര്‍ കരുതുന്നതെങ്കില്‍ അവരെ കേരളത്തിന്റെ ചരിത്രമാണ് ഓര്‍മ്മിപ്പിക്കാനുള്ളത്. ഭരണകൂട ഭീകരതയുടെ നടുവില്‍ നിന്നാണ് സിപിഐ എം കേരളമാകെ പടര്‍ന്ന ജനകീയ പ്രസ്ഥാനമായി മാറിയത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കാതെ, ആര്‍എസ്എസിന്റേയും കോണ്‍ഗ്രസിന്റേയും ക്രിമിനലുകളും പൊലീസും ചേര്‍ന്ന് നടത്തിയ വേട്ടകളിലൂടെ ഒഴുകിയ ചോരക്ക് കണക്കില്ല. അവിടെ നിന്നെല്ലാം പാര്‍ട്ടി ഉയിര്‍ത്തെഴുന്നേറ്റത് സാധാരണക്കാരായ ജനങ്ങള്‍ ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ചതുകൊണ്ടാണ്. ഇന്നും ആ പിന്തുണ അതിശക്തമായി ഉള്ള ഏക പാര്‍ടി കേരളത്തില്‍ സിപിഐ എം ആണ്. അങ്ങിനെയുള്ള പാര്‍ടിയുടെ അടിത്തറ തകര്‍ക്കാനാണ് കള്ളക്കേസുകള്‍ വഴി കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്.

പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരായി കൊണ്ടുവന്ന സ്വര്‍ണക്കള്ളകടത്തു കേസും കിഫ്ബിക്ക് എതിരായ കേസും എവിടെ എത്തിയെന്ന് എല്ലാവര്‍ക്കും അറിയാം.

സായുധസേനയെ അടക്കം നിരത്തി ഭീതി പരത്തി എ സി മൊയ്തീന്റെ വീട്ടില്‍ 10 മണിക്കൂറാണ് റെയ്ഡ് നടത്തിയത്. അവരുടെ കയ്യിലുള്ള പണത്തിന് എല്ലാ രേഖകളും ഹാജരാക്കിയിട്ടും അസാധാരണ പത്രക്കുറിപ്പിറക്കി വാര്‍ത്ത നല്‍കി ഇഡി ആ കുടുംബത്തെ അധിക്ഷേപിച്ചു. ലോക്കല്‍ കമ്മിറ്റികളുടെ ഭൂമി ജില്ലാകമ്മിറ്റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരിലാണ് എം എം വര്‍ഗീസിനെ പ്രതിചേര്‍ത്തത്. പച്ചക്കള്ളങ്ങള്‍ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്താണ് നേതാക്കളെ കുരുക്കാന്‍ ഇഡി ശ്രമിക്കുന്നത്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞത് ഇ ഡി ക്ക് ഓര്‍മ്മയുണ്ടാകും. കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ടെന്നാണ് അന്ന് കോടതി പറഞ്ഞത്. തൃശൂരിലെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നുപേര്‍ക്കെതിരേയും വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് ഇ ഡി നിരത്തുന്നത്. ഇ ഡിയുടെ കള്ളക്കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക