ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് നേതാവ് തലച്ചിറ അസീസിനെ പുറത്താക്കി പാര്‍ട്ടി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ് തലച്ചിറ അസീസ്. അസീസ് പാര്‍ട്ടിക്ക് ദോഷകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡിസിസി വാര്‍ത്താക്കുറിപ്പ് ഇറക്കി.
പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നാണ് അസീസ് പ്രസംഗത്തിൽ പറഞ്ഞത്.
ഗണേഷ് കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പുകഴ്ത്തൽ പ്രസംഗം. ഗണേഷ് കുമാറിന്റെ എം എൽ എ ഫണ്ട് ഉപയാഗിച്ച് നിർമ്മിച്ച റോഡ് ഉദ്‌ഘാടന ചടങ്ങിലായിരുന്നു പുകഴ്ത്തൽ. ഗണേഷ്‍കുമാറിനെ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്നും അബ്ഗുള്‍ അസീസ് പറഞ്ഞു. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു.
പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് വേണം ഗണേഷ് കുമാറിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ. ഗണേഷ് കുമാറും ആർ ബാലകൃഷ്ണപിള്ളയും ആയും തനിക്ക് പിരിയാത്ത ബന്ധം. ഞാനും നിങ്ങളോടൊപ്പം. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നും അസീസ് വ്യക്തമാക്കി. അതേസമയം കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ബഹിഷ്കരിച്ച പരിപാടിയിൽ പങ്കെടുത്ത അസീസിനെ പൊതുവേദിയിൽ ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു.