കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പൈടാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി തിരികെയെത്തിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
ചില്‍ഡ്രന്‍സ് ഹോമില്‍ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും തിരികെ പോകാന്‍ താല്‍പര്യമില്ലെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടിയന്തര യോഗം ചേരുകയാണ്.
മകളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ ജില്ലാ കളക്ടര്‍ക്കും, സി.ഡബ്ല്യൂ.സിക്കും, പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതും കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷയില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. ഇവര്‍ക്ക് പറയാനുള്ളതും കമ്മിറ്റി കേള്‍ക്കും.
അതേസമയം കേസില്‍ പിടിയിലായ യുവാക്കള്‍ തെറ്റുകാരല്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും, സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ ബഹളം വച്ചു. പെണ്‍കുട്ടികളുടെ രഹസ്യമൊഴി ഇന്നലെ മജിസ്ടേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയട്ടുണ്ട്.
അതേസമയം കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇന്നലെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളുടെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തേക്കും.