ലോകത്തിലെ അഞ്ചിലൊന്ന് ജനങ്ങള്‍ നിലവില്‍ കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം കമ്യൂണിസ്റ്റുകളാണ് അധികാരത്തിലുള്ളത്. മാര്‍ക്‌സിസം തകര്‍ന്നിട്ടില്ല. അത് അജയ്യമാണെന്ന് പിണറായി പറഞ്ഞു.
കമ്യൂണിസം പരാജയപ്പെട്ടു എന്നാണ് അന്ന് സാമ്രാജ്യത്വ ശക്തികള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്. മാര്‍ക്‌സിസത്തിന്റെ പരാജയമല്ല. അതിന്റെ പ്രയോഗത്തിലെ പോരായ്മയാണ് പ്രശ്‌നം എന്നാണ് അന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാര്യങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും പിണറായി വ്യക്തമാക്കി. ഇടതുപക്ഷത്തിനാണ് ശക്തമായ രാഷ്ട്രീയ നിലപാടുള്ളത് എന്നതിനാല്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ ബി.ജെ.പിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് നിലപാടും കാരണമായി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് വോട്ടുകൊടുക്കും ഇതാണ് 2016ല്‍ നേമത്ത് നടന്നത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലും സമാനരീതിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയില്‍ സി.പി.എം. ജില്ലാപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുപോക്ക് പല രീതിയില്‍ പുറത്ത് പോകുന്നുണ്ട്. ഈ ഒത്തുപോക്ക് മറച്ചുവെക്കാന്‍ മറുആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആരും വിശ്വസിക്കാത്ത പ്രചാരണമാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ബി.ജെ.പി. ഇടത് കൂട്ടുകെട്ട് അത്തരം ആരോപണങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തി. ലീഗും അതിന് അനുസൃതമായ നിലപാട് സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ പരസ്യബന്ധം കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചു.
കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള കൂട്ടുകെട്ടാണ് ഇത്. ഇത്തരം മഴവില്‍സഖ്യം രൂപപ്പെട്ടെങ്കിലും ജനങ്ങളില്‍ അത് വലിയ തോതില്‍ ഏശിയില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വികാരം വലിയ തോതില്‍ ഉയര്‍ത്താന്‍ ശ്രമിച്ചു എങ്കിലും വസ്തുത ഇതല്ലെന്ന് തെളിഞ്ഞവെന്നും പിണറായി വിജയന്‍ പറഞ്ഞു.