സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന. കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബിജെപിയില്‍ ചേരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുക്കാനാണ് സാധ്യത. നാട്ടികയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. നേരത്തെ സിപിഐ നാട്ടികയില്‍ വീണ്ടും അവസരം നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിറ്റിങ് എംഎല്‍എ പാര്‍ട്ടിയ്‌ക്കെതിരെ കടുത്ത ആക്രമണം നടത്തിയതോടെ സിപിഐ പുറത്താക്കുകയായിരുന്നു.
സിപിഐ സംസ്ഥാന നേതൃത്വം നാട്ടികയില്‍ മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതോടെയാണ് സി സി മുകുന്ദന്‍ നേതൃത്വവുമായി ഉടക്കിയത്. നാട്ടികയില്‍ ഗീതാ ഗോപിയാണു സ്ഥാനാര്‍ഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്‌മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദന്‍ ഉന്നയിച്ചിരുന്നു. ഗീതാ ഗോപിയ്‌ക്കെതിരെ വ്യക്തിപരമായും സി സി മുകുന്ദന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. പണം പിരിച്ചു നല്‍കുന്നതാണ് ഗീതാഗോപിയുടെ യോഗ്യത എന്നായിരുന്നു മുകുന്ദന്റെ ആരോപണം. ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമൂഴം നല്‍കിയതില്‍ കലഹിച്ചാണ് മുകുന്ദന്‍ പാര്‍ട്ടി വിട്ടത്.
എന്നാല്‍ പ്രദേശിക തലത്തില്‍ മുകുന്ദനോട് എതിര്‍പ്പുണ്ടായിരുന്നതാണ് സീറ്റ് നല്‍കാത്തതിന് പിന്നില്‍. സിറ്റിങ് എംഎല്‍എ സി സി മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിര്‍പ്പ് നാട്ടിക, ചേര്‍പ്പ് കമ്മിറ്റികള്‍ ഉന്നയിക്കുകയും തൃശൂര്‍ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങള്‍ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായി അകല്‍ച്ചയിലാണെന്നും കമ്മിറ്റികളില്‍ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയര്‍ന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,431 വോട്ടിനാണ് സി.സി.മുകുന്ദന്‍ കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെ തോല്‍പിച്ചത്.
ബിജെപിക്ക് കഴിഞ്ഞ തവണ നാട്ടികയില്‍ ലഭിച്ചത് 33,716 വോട്ടാണ്. മുകുന്ദന് സിപിഐ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി സീറ്റില്‍ മുകുന്ദനെ ഇറക്കാന്‍ ശ്രമിക്കുന്നത്.