ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്ക് സംഘപരിവാര്‍ ആക്രമണം നേരിട്ട പശ്ചാത്തലത്തില്‍ രാജ്യത്താകമാനം ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപികയുടെ മുഖപ്രസംഗം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലുള്ള പത്ത് വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരെ 4316 അക്രമണങ്ങള്‍ നടന്നതായി പറയുന്ന മുഖപ്രസംഗം ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന തലക്കെട്ടിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതിര്‍ത്തിക്കപ്പുറത്തെ മതകുറ്റവാളികളെ ശിക്ഷിച്ച രാജ്യം അതിര്‍ത്തിക്കുള്ളിലെ കുറ്റവാളികളെ ശിക്ഷിക്കുന്നില്ലെന്ന് മുഖപ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. വൈദിക വേഷം ധരിച്ച് ഉത്തരേന്ത്യയില്‍ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ക്രൈസ്തവ നേതാക്കള്‍ കണ്ടിട്ട് ഫലമുണ്ടായില്ല, ഭൂരിപക്ഷ വര്‍ഗീയത കേന്ദ്രസര്‍ക്കാര്‍ നയമല്ലെങ്കില്‍ നിശബ്ദത വെടിയണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
ഓസ്‌ട്രേലിയയിലെ അമ്പലം സംരക്ഷിക്കണെന്ന് ആവശ്യപ്പെട്ട മോദി മണിപ്പൂരിലെ പള്ളികള്‍ തകര്‍ക്കുന്നതില്‍ നിശബ്ദത പാലിച്ചുവെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ കന്യാസ്ത്രീയെയും കൂടെയുള്ള കുട്ടികളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഭോപ്പാലിലെ ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരിയായ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെണ്‍കുട്ടികളെയുമാണ് ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിശീലന പരിപാടിക്ക് പോവുകയായിരുന്നു ഇവര്‍.
സംഭഴത്തിന് പിന്നാലെയാണ് ദീപികയുടെ മുഖപ്രസംഗമെന്നതാണ് ശ്രദ്ധേയം. അതേസമയം സംസ്ഥാനത്ത് ക്രൈസ്തവ സഭകളെ ലക്ഷ്യമിടുന്ന ബിജെപിയ്ക്ക് ദീപികയുടെ മുഖപ്രസംഗം വലിയ തിരിച്ചടിയാണ്.