നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകള്‍ തള്ളി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. പുറത്തു വരുന്ന സര്‍വേകള്‍ എല്ലാം തട്ടിക്കൂട്ടിയ സര്‍വേകളാണ്. ജനവികാരം പ്രതിഫലിക്കുന്ന സര്‍വേകളല്ല. ഒപ്പത്തിനൊപ്പം എന്നു വരുത്തിത്തീര്‍ക്കാനാണ് സര്‍വേകള്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 125 മണ്ഡലങ്ങളിലും പോയ ആളാണ് താന്‍. ജനവികാരം യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വലിയ മാര്‍ജിന്റെ വ്യത്യാസമുണ്ടെന്നും സതീശന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഒരു മാറ്റമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കും. അത്രയേറെ ശക്തമാണ് സര്‍ക്കാരിനെതിരായ ജനവികാരം.
കഴിഞ്ഞ ആറ് മാസത്തിനകം അഞ്ച് തവണ എല്ലാ ജില്ലകളിലും സഞ്ചരിച്ച ആളാണ് താന്‍. ഇന്ത്യാ ചരിത്രത്തിലാദ്യമായി യുഡിഎഫ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവേഷണ തുല്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായാണ് വരുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. അതിലൊന്നും യുഡിഫിനെ തോല്പിക്കാന്‍ കഴിയില്ലെന്നും വി. ഡി. സതീശന്‍ വ്യക്തമാക്കി.