ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗൂഢാലോചന നടന്നെന്ന് ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസ്. ഇഡി, ഡിജിപി, ജിഎസ്ടി കമ്മീഷണറേറ്റ് എന്നിവര്‍ക്ക് പരാതി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഷാനവാസ് പറഞ്ഞു. തന്നെ പാര്‍ട്ടിയിലെ ചിലര്‍ വേട്ടയാടുന്നുണ്ടെന്നും ഷാനവാസ് ആരോപിച്ചു.
തന്റെ ബിസിനസ് പോലും തകര്‍ക്കുന്ന രീതിയില്‍ വരെ കാര്യങ്ങള്‍ നടന്നുവെന്നും ഷാനവാസ് പറയുന്നു. പാര്‍ട്ടിയിലെ ഗൂഢാലോചന സംബന്ധിച്ച് നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കെതിരെയാണ് പരാതിയെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടില്ല.
സിപിഐഎം നേതാവായ എ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് രണ്ട് ലോറികളിലും, പിക്കപ്പ് വാനുകളിലുമായി കടത്തിയ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയത്. പൊലീസ് പരിശോധനയില്‍ സിപിഐഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്റര്‍ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം എന്ന് കണ്ടെത്തുകയായിരുന്നു.
പുത്തന്‍ പുരയ്ക്കല്‍ ജയന്‍ എന്നയാള്‍ക്ക് താന്‍ വാഹനം വാടകയ്ക്ക് നല്‍കിയതാണെന്ന് ഷാനവാസ് വിശദീകരിച്ചെങ്കിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. അതിനിടെ ഷാനവാസിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയിരുന്നു.