സംസ്ഥാനത്ത് വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് നിര്‍ദേശം നല്‍കി മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക. വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്.
സ്പെഷ്യൽ ഡ്രൈവ് വഴി പിടിച്ചെടുക്കുന്ന എയര്‍ഹോണ്‍ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണമെന്നും പിന്നീട് ഇവ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നും മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെയാണ് മന്ത്രിയുടെ ഉത്തരവ്. വിവിധ ജില്ലകളിൽ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം.
അതേസമയം കഴിഞ്ഞദിവസം കോതമംഗലം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തില്‍ ഹോണടിച്ചെത്തിയ സംഭവത്തില്‍ മന്ത്രി നടപടിയെടുത്തിരുന്നു. ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ നിറയെ ആളുകളുമായി സ്വകാര്യ ബസ് എയര്‍ഹോണ്‍ മുഴക്കിയെത്തുകയായിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.