സിനിമ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെ തള്ളി സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന്‍ രംഗത്ത്. അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റമാണെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. പിന്നോക്ക വിഭാഗത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അടൂര്‍ എന്ന വിഖ്യാത സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് എംപി കൂട്ടിച്ചേര്‍ത്തു.
അടൂര്‍ ഇങ്ങനെ പറയുമോയെന്നാണ് ആദ്യം ചിന്തിച്ചത്. പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെ പരിശ്രമിക്കുന്നവരുടെ കുന്തമുനയ്ക്ക് മൂര്‍ച്ഛ കൂട്ടുന്ന സമീപനമാണ് അടൂര്‍ ഗോപാലകൃഷ്ണനെ പോലെ പ്രശസ്തരായ സംവിധായകര്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ആളുകള്‍ ഈ സമൂഹത്തിന് പിന്തുണ ഉറപ്പാക്കേണ്ടതിന് പകരം അവരെ വിമര്‍ശിക്കുന്ന നിലയിലേക്ക് പോയത് അപലപനീയമാണെന്നും അദ്ദേഹം അത് തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എംപി വ്യക്തമാക്കി.