'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

അച്ചടക്ക നടപടിയെടുത്തതിന്റെ വൈരാഗ്യത്തില്‍ തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ ഇടവനയ്ക്കും പരിശോധിക്കാതെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനും എതിരേ മാനനഷ്ടക്കേസുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ ഇടവനയ്ക്കും വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമസ്ഥാപനത്തിനും എതിരെ തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിപിന്‍ ഇടവണ്ണ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച വ്യാജഅഴിമതി ആരോപണം ഫാക്ട് ചെക്ക് ചെയ്യാതെ വാര്‍ത്തയായി നല്‍കിയ് ന്യൂസ് മലയാളം ചാനലിലെ എഡിറ്റോറിയല്‍ ടീമിനെതിരേയും മാനനഷ്ടകേസ് നല്‍കിയിട്ടുണ്ട്.

സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധിക്ക് വളംവെച്ചുകൊടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത് സൗത്ത്‌ലൈവിനോട് പ്രതികരിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. എസ് ശ്രീജിത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കേ 2023-ല്‍ ദിപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍വന്ന സ്ത്രീയെ ലൈംഗികോദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിനായിരുന്നു സസ്പെന്‍ഷന്‍. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ കതിരൂര്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് വിചാരണഘട്ടത്തിലാണ്. ഈ വിരോധം വെച്ചാണ് തനിക്കെതിരേ ഫെയ്സ്ബുക്കിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റിട്ടതെന്ന് എസ് ശ്രീജിത്ത് വിശദീകരിക്കുന്നു.

നിലവില്‍ സസ്പെന്‍ഷനിലുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദിപിന്‍ ഇടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധനയൊന്നും നടത്താതെ സംപ്രേഷണം ചെയ്തതിന് ന്യൂസ് മലയാളം ചാനല്‍ ഉടമ സകിലന്‍ പത്മനാഭന്‍ ഉള്‍പ്പെടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും എഡിജിപി നിയമനടപടി ആരംഭിച്ചു കഴിഞ്ഞു. മേയ് 28ന് മാനനഷ്ടക്കേസില്‍ ദിപിന്‍ ഇടവനയോടും ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡ് ഉടമയോടും മാധ്യമ പ്രവര്‍ത്തകരോടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ന്യൂസ് മലയാളം ഉടമ സകിലന്‍ പത്മനാഭനോടൊപ്പം ന്യൂസ് ഡയറക്ടര്‍മാരായ ടി എം ഹര്‍ഷന്‍, ഇ സനീഷ്, ന്യൂസ് റീഡര്‍ അഖില രവീന്ദ്രന്‍, റിപ്പോര്‍ട്ടര്‍ അഞ്ജു ജയപ്രകാശ് എന്നിവര്‍ക്കെതിരെയാണ് എഡിജിപി എസ് ശ്രീജിത്ത് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അച്ചടക്ക നടപടിയെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്‍ ഒരു മാധ്യമ സ്ഥാപനത്തെ കൂട്ടുപിടിച്ച് ചില നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് എഡിജിപിയുടെ പരാതി. അഴിമതി ആരോപണം തെളിയിക്കപ്പെട്ടാല്‍ തനിക്കെതിരെ അന്വേഷണം നടക്കട്ടേയെന്നും എഡിജിപി മാനനഷ്ട ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല തുടര്‍നിയമ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് എഡിജിപി കത്തും നല്‍കി. ഒരു കാരണവശാലും നിയമനടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൗത്ത്‌ലൈവിനോട് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. നിലവില്‍ മറ്റൊരു പരാതിയില്‍ സസ്‌പെന്‍ഷനിലുള്ള ദിപിനെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തലല്ലാതെ ഇനി എന്ത് നടപടിയാണ് ബാക്കിയുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്.

1996-ല്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനായാണ് എഡിജിപി എസ് ശ്രീജിത്ത് കരിയര്‍ ആരംഭിച്ചത്. 2022 ഏപ്രില്‍ 26 മുതല്‍ 2024 ഓഗസ്റ്റ് 12 വരെയുള്ള കാലയളവിലാണ് എസ് ശ്രീജിത്ത് ഐപിഎസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി ചുമതലവഹിച്ചത്. ഈ കാലഘട്ടത്തില്‍ തലശേരിയില്‍ എഎംവിഐ പ്രവര്‍ത്തിച്ച ദിപിന്‍ ഇടവന ലൈസന്‍സ് എടുക്കാനെത്തിയ ഒരു സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി അധിക്ഷേപിക്കുകയും വാട്‌സാപ്പില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി ഉയര്‍ന്നു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് സംഭവത്തില്‍ ഉയര്‍ന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മേലുദ്യോഗസ്ഥനായ എസ് ശ്രീജിത്ത് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ദിപിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ അച്ചടക്ക നടപടിയുടെ വൈരാഗ്യമാണ് ചാനലിനെ കൂട്ടുപിടിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് എഡിജിപി എസ് ശ്രീജിത്ത് പരാതി നല്‍കിയിരിക്കുന്നത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്