ശബരിമല സ്വർണകൊള്ളയിൽ എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച ഹൈക്കോടതി, ഡിസംബർ 5 ന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ല എന്നും വിമർശനം ഉന്നയിച്ചു. സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമെന്നാണ് ശബരിമല സ്വർണകൊള്ള കേസിനെ ഹൈക്കോടതി വിമർശിച്ചത്.
കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. ശബരിമല സ്വർണക്കവർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.
അതേസമയം കേസ് അന്വേഷണത്തിൽ എസ്ഐടി അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്നും സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു.