'ആളൊരുങ്ങി അരങ്ങൊരുങ്ങി', പാര്‍ട്ടി ആസ്ഥാനങ്ങളില്‍ ഏറിയും കുറഞ്ഞും റിസല്‍ട്ട് ദിന ആഘോഷ ഒരുക്കം; പന്തലൊരുക്കി കെപിസിസി ആസ്ഥാനം, പായസവും ലഡുവും ഓര്‍ഡറായി; പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് സിപിഎം

കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രധാന പാര്‍ട്ടി ആസ്ഥാനങ്ങള്‍ വന്‍ ഒരുക്കങ്ങളുമായി ഒരുങ്ങി കഴിഞ്ഞു. ഭരണമാറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകളുടെ ആവേശത്തില്‍ യുഡിഎഫും, ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫും, കേരളത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് ആവര്‍ത്തിച്ച് വീമ്പു പറയുന്ന ബിജെപിയും ആരവം ഒരുക്കി ജനവിധിയ്ക്കായി കാത്തിരിക്കുന്നു. മത്സരഫലം തത്സമയം കാണാന്‍ എല്‍ഇഡി വാളുകള്‍ ഉള്‍പ്പെടെ ഒരുക്കി പാര്‍ട്ടി ആസ്ഥാനങ്ങള്‍ തിരക്കിട്ട പണിയിലാണ്. പ്രമുഖ നേതാക്കള്‍ രാവിലെ മുതല്‍ പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തിയാവും ഫലമറിയുക.

ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ കെപിസിസി ആസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ച് ഓഫീസിന് മുന്നില്‍ വലിയ പന്തലും ഫാനുകളും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഫലം തത്സമയം കാണാന്‍ വലിയ എല്‍ഇഡി വാളുകളും സ്ഥാപിച്ചു. വിജയമുറപ്പിച്ച പ്രവര്‍ത്തകര്‍ പായസവും ലഡുവും ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ഡിജെ പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. കെപിസിസിയുടെ മുറ്റത്ത് വലിയ എല്‍ഇഡി വാളുകള്‍ സജ്ജമാക്കി നേതാക്കള്‍ ഒരുമിച്ചിരുന്നാവും ഫലമറിയുക. വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് പറഞ്ഞു. ഓഫിസിനകത്ത് സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുറത്ത് വലിയ സൗകര്യമൊരുക്കുന്നതെന്നും യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും മണക്കാട് സുരേഷ് പറഞ്ഞു.

കെ.സി.വേണുഗോപാല്‍ ചിലപ്പോള്‍ ഡല്‍ഹിയിലായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എ.കെ.ആന്റണി ഓഫിസിലേക്ക് എത്തില്ല. അദ്ദേഹം വീട്ടിലിരുന്നാവും ജനവിധി അറിയുക. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ ബാക്കി നേതാക്കള്‍ എല്ലാവരും ഒന്‍പതു മണിയോടെ കെപിസിസി ആസ്ഥാനത്ത് എത്തും. വിധി അറിഞ്ഞ ശേഷം മാത്രമേ ഇവര്‍ മണ്ഡലങ്ങളിലേക്കു മടങ്ങുകയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ ആയിരിക്കും. കെപിസിസി ആസ്ഥാനത്തു ദിവസങ്ങള്‍ക്കു മുന്‍പ് ഇട്ടിരുന്ന വൈദ്യുതാലങ്കാരങ്ങള്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞു മാറ്റിയാല്‍ മതിയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

ജയസാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് ചേരും. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന് ദീപാ ദാസ് മുന്‍ഷി അറിയിച്ചു.

തുടര്‍ഭരണം ഉറപ്പിച്ച് ജില്ലയിലെ സിപിഎം നേതാക്കള്‍ മധുരപലഹാരങ്ങളും പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെ രാവിലെ എകെജി സെന്ററിലെത്തും. ഫലമറിഞ്ഞതിനു ശേഷം ആവശ്യമെങ്കില്‍ അദ്ദേഹം തിരുവനന്തപുരത്തു തുടരും. അല്ലെങ്കില്‍ കണ്ണൂരിലേക്കു മടങ്ങും. പന്തല്‍ ഉള്‍പ്പെടെ മറ്റു ഒരുക്കങ്ങളൊന്നുമില്ലെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു.

മാരാര്‍ജി ഭവനിലും വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വി.വി.രാജേഷ് തുടങ്ങി നേതാക്കള്‍ പത്തു മണിയോടെ ഓഫിസിലേക്ക് എത്തുമെന്ന് ഓഫിസിന്റെ ചുമതലയുള്ളവര്‍ അറിയിച്ചു.

Latest Stories

നൂറിൽ കൂടുതൽ സീറ്റ്‌ നേടി എൽഡിഎഫ് അധികാരത്തിൽ വരും; കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു :എം. എം. മണി

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്, കണക്കുകളെല്ലാം അനുകൂലം; ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും : സുധീര്‍ കരമന

മാധ്യമസ്വാതന്ത്ര്യം: ശ്വാസം മുട്ടുന്ന ജനാധിപത്യത്തിന്റെ അവസാന ശബ്ദമോ?

സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നം?: വെള്ളാപ്പള്ളി നടേശൻ

'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ

60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ

'മോശമായി പെരുമാറുകയാണെങ്കിൽ സൈനിക ആക്രമണം തുടരും’; നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ്