തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നഗരം മുങ്ങിയതിൽ കോർപറേഷൻ മാത്രം വിചാരിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്ന് മേയർ വി. വി. രാജേഷ്. ഒൻപത് വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാര്യമാണ് കോർപ്പറേഷൻ ഒറ്റക്ക് ചെയ്യണമെന്ന് പറയുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം വേണം. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പല കാലങ്ങളിലുണ്ടായ അശാസ്ത്രീയമായ നിർമാണം കൊണ്ട് സംഭവിച്ചതാണെന്ന് മേയർ പറഞ്ഞു. ഒറ്റ നിമിഷം കൊണ്ട് ഇത് പരിഹരിക്കാൻ കഴിയില്ല. പക്ഷേ അതിനുള്ള മെക്കാനിസമുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ജലസേചന വകുപ്പിൻറെ ഉത്തരവാദിത്തത്തിലുള്ളതാണ് ആമയിഴഞ്ചാൻ തോടും പാർവതിപുത്തനാറും. അവയ്ക്ക് മുകളിൽ സ്ലാബിട്ടാൽ പ്രശ്നം അവസാനിക്കും. അതിന് കോർപറേഷൻ മുൻകൈയെടുക്കാം. പക്ഷേ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുമായി ബന്ധപ്പെടുത്തി ഫണ്ട് ഉണ്ടാകണം. അതുപോലെ വിദഗ്ധ ഉപദേശം വേണമെന്ന് മേയർ പറഞ്ഞു.
ഇന്നലത്തെ മഴയിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഓടയിലും വെള്ളം കയറിയില്ലെന്നും മേയർ അവകാശപ്പെട്ടു. ആമയിഴഞ്ചാൻ തോടിൻറെയും പാർവതിപുത്തനാറിൻറെയും കാര്യം ജലസേചന വകുപ്പ് ചെയ്താൽ ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.