പത്തനംതിട്ട കോയിപ്രം ആന്താലിമണിലിൽ ഹണി ട്രാപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ. രണ്ട് യുവാക്കളാണ് അതിക്രൂരപീഡനത്തിനിരയായത്. ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ഇവർ യുവാക്കൾക്ക് നേരെ നടത്തിയത് സമാനതകളില്ലാത്ത ക്രൂരതകളാണ്. 23 സ്റ്റാപ്ലര്‍ ആണ് യുവദമ്പതികൾ യുവാക്കളിൽ ഒരാളുടെ ജനനേന്ദ്രിയത്തിൽ അടിച്ചത്. കൂടാതെ ഇവരെ കെട്ടിയിട്ട് മർദിക്കുകയും ചെയ്തിട്ടുണ്ട്.
ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്ഐആറിലുണ്ട്.
പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറിലുണ്ട്. യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം. കട്ടിലിൽ കൈകള്‍ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തിൽവെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും മര്‍ദനം തുടര്‍ന്നു. കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.