മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി. ബാലുശേരി കോട്ട പരദേവത ക്ഷേത്രത്തിലെ ഉരുപ്പടികളാണ് നഷ്ടപ്പെട്ടത്. വഴിപാടായി ലഭിച്ച 20 പവന്‍ കാണാനില്ലെന്നാണ് പരാതി. സ്ഥലംമാറിയ എക്സിക്യൂട്ടിവ് ഓഫീസര്‍ ഉരുപ്പടികള്‍ കൈമാറിയില്ലെന്ന് ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തി.
ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ്ണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസം ബോർഡിന് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ്ണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു.
ദേവസ്വം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിൽ സ്വർണം കാണാതായെന്ന് സ്ഥിരീകരിച്ചതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ടി പി മനോജ് കുമാറും ട്രസ്റ്റ് ബോര്‍ഡ് അംഗം ബാബുവും പറഞ്ഞു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് അധികൃതർ പലതവണ ബന്ധപ്പെട്ടെങ്കിലും സ്വർണ്ണ ഉരുപ്പടികൾ എത്തിച്ചു നൽകുമെന്നായിരുന്നു മറുപടി. സ്വർണം തിരികെ ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനാണ് ട്രസ്റ്റി ബോർഡിന്‍റെ തീരുമാനം.