പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കുമെന്നും പിന്നീട് എകെജി സെൻററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ലെന്നും വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ കാലത്ത് നല്ല നേതാക്കൾ ഉണ്ടായിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പദ്ധതിയിൽ ഒപ്പിടാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. സിപിഐയുടെ എതിർപ്പിനെ തുടർന്ന് മന്ത്രിസഭാ യോഗത്തിൽ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ രണ്ട് വർഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
സർക്കാർ തീരുമാനത്തിനെതിരെ സിപിഐ നേതാക്കൾ രംഗത്ത് എത്തി. നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്. അതേസമയം അതേസമയം നേരത്തെ പി എം പദ്ധതിയില്‍ ഭാഗമാകാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സംസ്ഥാനത്തിനുള്ള ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്നും ആ അപകടത്തില്‍ ചെന്ന് ചാടാന്‍ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.