'ശുഭരാത്രി '- കണ്ണു നനയിക്കുന്ന, മനസ്സീർപ്പമാക്കുന്ന ഒരു നല്ല ദിലീപ് ചിത്രം - റിവ്യു

സോക്രട്ടീസ് കെ. വാലത്ത്

വ്യാസൻ കെ.പി യുടെ ദിലീപ് ചിത്രമായ “ശുഭരാത്രി ” ഇന്നത്തെ ജീവിതത്തിൽ നമ്മൾ മറന്നു പോകുന്ന ചില വിലപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. എന്തിനാണ് പണം, എന്താണ് ഈ ജൻമത്തിന്റെ ഉദ്ദേശ്യരഹസ്യം, ഒരുവന്റെ യഥാർഥ ജീവിത ദൗത്യം എന്താണ് എന്നൊക്കെ ഈ തിരക്കുകൾക്കിടയിൽ ഒന്നോർമിപ്പിക്കാൻ ശുഭരാത്രിക്കു കഴിയുന്നുണ്ട്, . യാതൊരു വിധത്തിലുള്ള ഗിമ്മിക്കുകളോ ഫോർമുലകളോ ഉപയോഗിക്കാതെ സരളമായി പ്രേക്ഷകനെ കൂടെ കൂട്ടിത്തന്നെ ഒരു കഥ പറയാൻ ശ്രമിക്കുകയാണ് സംവിധായകനായ വ്യാസൻ.

നൻമയുള്ളൊരു മുസൽമാൻ – കുടുംബത്തിന്റെ ജീവിതം എങ്ങനെയുള്ളതാവും എന്നതിനുള്ള അനുഭവസാക്ഷ്യം കൂടിയായ ഒട്ടേറെ മുഹൂർത്തങ്ങൾ ഉളളിൽ തട്ടുന്ന രീതിയിൽ ശുഭരാത്രി യിൽ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ രണ്ടു രംഗങ്ങളുണ്ട്. ഹജ്ജിനു പോകുന്നതിനു മുമ്പുള്ള പൊരുത്തം വാങ്ങലിന്റെ ഭാഗമായി സിദ്ദിഖിന്റെ മുഹമ്മദ് ഏഴാം ക്ലാസ്സിൽ കൂടെ പഠിച്ചിരുന്ന , താൻ കല്ലെറിഞ്ഞ് നെറ്റി പൊട്ടിച്ച ഇന്ദ്രൻസിന്റെ സുരേഷിനെ കണ്ടു മടങ്ങുമ്പോൾ നീയെന്നാലും ആ ദിവസം എങ്ങനെ ഓർത്തെടാ , എന്ന് സുരേഷ് ചോദിക്കുന്നുണ്ട്. ഈ വയസ്സുകാലത്തും മുഹമ്മദ് അതോർത്തു വച്ചല്ലോ എന്നു നമുക്കും തോന്നാം. അതിനു മുഹമ്മദ് പറയുന്ന മറുപടി ഉണ്ട്. അത് ആരുടെയും ഉള്ളിൽ ഒരു നീറ്റലുണ്ടാക്കും.

അതുപോലെ ഹജ്ജിനു പോകുന്ന മുഹമ്മദിനെ ഒരിക്കൽ കൂടിയും പിന്നെ അവസാനമായും കാണാൻ വന്ന മുൻ കാമിനിയായ ആശാ ശരതിന്റെ സുഹ്റയോട് നീ എപ്പോൾ തിരികെ പോകും എന്നു മുഹമ്മദ് ചോദിക്കുമ്പോൾ അയാളെ ആഴത്തിൽ നോക്കുന്ന സുഹ്റയിൽ നിന്നും സീൻ കുട്ടിക്കാലത്തെ സുഹ്റ മടങ്ങി പോകുന്ന- അകന്നകലുന്ന – കാഴ്ചയിലേക്ക് കട്ട് ചെയ്യുന്നു. അവൾ എന്നേ മടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് മനോഹരമായി ധ്വനിപ്പിക്കാൻ സംവിധായകനിവിടെ കഴിഞ്ഞു.

ഐ.എസ്സിൽ ചേർന്നു ദുരന്തം ഏറ്റുവാങ്ങിയ ഒരു കുടുംബത്തിന്റെ ദയനീയതയിൽ നിന്നും ഹജ്ജിനു പോകുന്ന മുഹമ്മദിന്റെ മുന്നൊരുക്കങ്ങളും മക്കളും മരുമക്കളും പേരക്കിടാങ്ങളും പണ്ടത്തെയും ഇപ്പോഴത്തെയും സുഹൃത്തുക്കളും സർവോപരി ഭാര്യയുമൊക്കെ ഒത്തുള്ള നല്ല നിമിഷങ്ങളും അതിനിടയിൽ അതിഥിയായി എത്തുന്ന മുൻ കാമിനി സൃഷ്ടിക്കുന്ന അൽപ്പം പിരിമുറുക്കവുമെല്ലാം ഉൾപ്പെടുന്ന ഒന്നാം ഭാഗം പെട്ടെന്നാണ് ദിലീപിന്റെ വരവോടെ വല്ലാത്തൊരു ഉത്ക്കണ്ഠ സൃഷ്ടിച്ചു കൊണ്ട് ഇടവേളയ്ക്കു പിരിയുന്നത്. തുടർന്നുള്ള ഭാഗം ദിലീപിന്റെ കൃഷ്ണന്റെ കയ്യിൽ ഭദ്രമാണ്. പിന്നീടങ്ങോട്ട് സിനിമയിൽ വേണ്ട വഴിത്തിരിവുകളൊക്കെ കൃത്യമായി സംഭവിക്കുന്നുണ്ട്. അതിന്റെയൊക്കെ സ്വാഭാവിക ഫലമായിത്തന്നെ വരാവുന്ന ക്ളൈമാക്സും ഉണ്ടാവുന്നതോടെ “ശുഭരാത്രി ” പരസ്യം അവകാശപ്പെടുന്ന പോലെ ഒരു ഫീൽ ഗുഡ് മൂവി ” തന്നെയായി മാറുന്നു.

ദിലീപിന്റെ താരപരിവേഷത്തേക്കാൾ അഭിനയപ്രതിഭയ്ക്കാണ് സംവിധായകൻ കൂടുതൽ വില നൽകിയിരിക്കുന്നത്. അതറിഞ്ഞു തന്നെ കഥാപാത്രത്തിന് ഒരു സാധാരണക്കാരന്റെ ഉള്ളും പുറവും നൽകാൻ ദിലീപിനു കഴിഞ്ഞു. ഒപ്പത്തിനൊപ്പം സിദ്ദിഖിന്റെ മുഹമ്മദും ഉണ്ട്. അതിനാടകീയതയിലേക്കു എപ്പോൾ വേണമെങ്കിലും വീഴാവുന്ന ആ കഥാപാത്രത്തെ നമുക്കു് അറിയാവുന്ന ഒരാളാക്കി മാറ്റാൻ വാക്കുകൊണ്ടും നോക്കു കൊണ്ടും സിദ്ദിഖ് പരിശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന് പൂർണ്ണ ഫലമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന് ആശ്വസിക്കാം. നടിമാരിൽ ആശാ ശരതിന്റെ സുഹ്റയാണു് അനുസിത്താരയ്ക്കും ശാന്തി കൃഷ്ണയ്ക്കും മേലേ. നാദിർഷ , ഇന്ദ്രൻസ്, ഹരീഷ് പേരടി, സായ്കുമാർ, വിജയ് ബാബു, തുടങ്ങി ചെറുതും വലുതുമായ വേഷത്തിൽ എത്തുന്നവരൊക്കെ മിതത്വം പാലിച്ചു തന്നെ തങ്ങളുടെ റോൾ ശ്രദ്ധേയമാക്കി. മിതത്വം ഇല്ലാതെ പോയത് സീനുകളുടെ ഭാവാ വിഷ്കാരത്തിലും സംഭാഷണത്തിലുമാണ്. എഡിറ്റിങ്ങ് കുറച്ചു കൂടി ഗൗരവത്തോടെയായിരുന്നെങ്കിൽ ആ കുറവു മാഞ്ഞു പോയേനെ. എന്നാൽ ആൽബിയുടെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും രക്ഷയ്ക്കെത്തുന്നുണ്ട്.

നൻമയുടെ ഭാഗത്ത് മാത്രം കുറ്റിയടിച്ച പോലെ നിലകൊണ്ട , ഈയിടെ ഇറങ്ങിയ മറ്റൊരു മലയാള ചിത്രത്തെക്കാൾ ഏറെ ഭേദപ്പെട്ട നിലയിലാണ് വ്യാസന്റെ “ശുഭരാത്രി”. നൻമയും തിൻമയും സമതുലിതമായി നിലനിർത്താൻ ഇവിടെ സാധിച്ചിരിക്കുന്നു . ജീവിതത്തെ യഥാതഥമായി തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് .എങ്കിലും ഒരൽപ്പം അതിഭാവുകത്വം ഒഴിവാക്കാമായിരുന്നു എന്നു തോന്നിയേക്കാം. പക്ഷേ, ഈ കെട്ട കാലത്ത് ചില നല്ല കാര്യങ്ങൾക്ക് കുറച്ച് കളർ കൂട്ടിക്കൊടുത്താലേ വല്ലതുമൊക്കെ ഈ സമൂഹത്തിന്റെ ഉള്ളിൽ തടഞ്ഞു നിൽക്കൂ എന്നതും വസ്തുത തന്നെ.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ