വിവാദങ്ങൾക്കൊടുവിൽ നടി വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ മാപ്പ് പറച്ചിൽ. വിവാദങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു.
വിൻസിയുടെ തുറന്ന് പറച്ചിൽ ഏറെ കാലം വിവാദമായിരുന്നു. എന്നാൽ വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ ഇപ്പോള്‍. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വാർത്ത സമ്മേളനത്തിൽ ഷൈൻ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
അതേസമയം താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി. പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഷൈൻ മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി. സംഭവത്തിൽ അന്വേഷണവുമായി എക്സൈസ് അടക്കം രംഗത്തെത്തി. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ വിഷയം വിവാദമായതോടെ പരാതി നൽകുന്നതിൽ നിന്നും വിൻസി പിന്മാറുകയായിരുന്നു.