വിഷ്ണു വിശാൽ നായകനായി 2018ൽ സർപ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. അന്ന് തമിഴ്നാടിന് പുറമെ കേരളത്തിലും സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങിയ സിനിമ രാംകുമാർ ആണ് സംവിധാനം ചെയ്തത്. അമല പോൾ രാക്ഷസനിൽ വിഷ്ണു വിശാലിന്റെ നായികയായി. അന്ന് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ത്രില്ലർ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. രാക്ഷസനിൽ ക്രിസ്റ്റഫർ എന്ന സൈക്കോ വില്ലൻവേഷം ചെയ്ത ശരവണനും തന്റെ പ്രകടനം കൊണ്ട് കയ്യടി നേടി.
രാക്ഷസന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് വിഷ്ണു വിശാൽ ഇപ്പോൾ. ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ഉണ്ടാകുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഈ രാക്ഷസൻ. ത്രില്ലർ ചിത്രം നൂറ് ദിവസം തിയേറ്ററുകളിൽ ഓടി.
കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥൻ, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജിബ്രാന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ഏറെ ശ്രദ്ധ നേടിയിരുന്നു. ബോക്‌സോഫിസിൽ 30 കോടിയോളമാണ് രാക്ഷസൻ നേടിയത്. സിനിമ പിന്നീട് തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. രാക്ഷസുഡു എന്ന പേരിലാണ് ചിത്രം തെലുങ്കിൽ എത്തിയത്.