നടിയും തന്റെ പ്രതിശ്രുത വധുവുമായ സായ് ധന്‍ഷികയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി വിശാല്‍. റസ്റ്ററന്റില്‍ വച്ച് കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷമാക്കിയത്. സായ് ധന്‍ഷിക ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിശാല്‍ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസില്‍ അതീവ സന്തോഷവതിയായി നടിയെ കാണാം.
അതേസമയം, ധന്‍ഷിക നായികയായ ‘യോഗി ഡാ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇരുവരും വിവാഹിതരാവുന്ന കാര്യം സ്ഥിരീകരിച്ചത്. ഓഗസ്റ്റില്‍ ആയിരുന്നു വിവാഹനിശ്ചയം. തമിഴില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത അഭിനയത്രിയാണ് സായ് ധന്‍ഷിക. 1989-ല്‍ തഞ്ചാവൂരില്‍ ജനിച്ച സായ് ധന്‍ഷിക, 2006-ല്‍ പുറത്തിറങ്ങിയ ‘മനത്തോട് മഴൈക്കാലം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
2009-ല്‍ കന്നഡയില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനംചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സോളോ’യിലൂടെ ധന്‍ഷിക മലയാളത്തില്‍ സാന്നിധ്യം അറിയിച്ചു. രവിമോഹന്‍ നായകനായ ‘പേരന്മ’, സംവിധായകന്‍ ബാലയുടെ ‘പരദേശി’, രജനീകാന്തിന്റെറെ ‘കബാലി’, വിജയ് സേതുപതി നായകനായ ‘ലാഭം’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ സായ് ധന്‍ഷിക ഭാഗമായിട്ടുണ്ട്.