സൂര്യയുടെ കം ബാക്ക് ചിത്രമെന്ന പേരില്‍ ‘റെട്രോ’ ആരാധകര്‍ ആഘോഷിക്കുമ്പോള്‍ സിനിമയ്ക്ക് കേരളത്തില്‍ അടക്കം തണുപ്പന്‍ പ്രതികരണം. നടന്റെ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുന്ന തരത്തിലുള്ള മേക്കിങ് ആണ് സിനിമയുടേത്. തമിഴ്‌നാട്ടില്‍ വന്‍ സ്വീകരണം ലഭിക്കുമ്പോഴും നെഗറ്റീവ് കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.
‘കങ്കുവ’യുടെ ദയനീയ പരാജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രമാണ് റെട്രോ. പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സൂര്യയുടെ മികച്ച പ്രകടനമുണ്ടെങ്കിലും തിരക്കഥ നിരാശപ്പെടുത്തി എന്ന് അഭിപ്രായപ്പെടുന്നത്.
തിയേറ്ററില്‍ നിന്നും പകര്‍ത്തിയ ചിത്രത്തിലെ ഒരു സീന്‍ പങ്കുവച്ച് ‘അക്വാമാന്‍ മീഷോയില്‍ നിന്നും വാങ്ങിയത്’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ച കമന്റ്. ‘ഉറക്കഗുളിക വേറെ ഒന്നും പറയാനില്ല’ എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”ഗംഭീര തുടക്കം.. സൂര്യ കഥാപാത്രം ഡെവലപ് ചെയ്ത രീതി ഒക്കെ കിടു ആയിരുന്നു.. ആദ്യ പകുതിയില്‍ വരുന്ന കനിമ സോങ് ഉം ഒപ്പം വരുന്ന ആക്ഷനും ഡയലോഗ് ഉം എല്ലാം ചേര്‍ന്നു ഒരു 20 മിനിറ്റ് സിങ്കിള്‍ ഷോട്ട് ഒക്കെ ഹെവി ആയിരുന്നു.. ആദ്യപകുതി നന്നായി ഇഷ്ടപെട്ടു.. രണ്ടാം പകുതി തുടക്കവും കൊള്ളാം.. പിന്നെ പിന്നെ റെട്രോ മാറി നമ്മള്‍ കാണുന്നതു ജിഗര്‍തണ്ട 3 ആണോ എന്നുവരെ തോന്നിപ്പോയി.. ഈ കഥ ആയിരുന്നെങ്കില്‍ ആ പേരില്‍ ഇറക്കാമായിരുന്നു.. അവസാനം ഒക്കെ എന്താണ് കാണിച്ചു വെച്ചേക്കുന്നത്.. നല്ലൊരു ആദ്യപകുതിയും കയ്യീന്ന് പോയ രണ്ടാം പകുതിയും.. സൂര്യയുടെ എഫോര്‍ട്ട് വെറുതെ ആയിപ്പോയി..” എന്നാണ് ഫറെയ്‌സ്ബുക്കില്‍ എത്തിയ മറ്റൊരു പ്രതികരണം.
”ആദ്യ പകുതി തന്നെ ഒരു ശരാശരി ലെവല്‍ ആയിരുന്നു. രണ്ടാം പകുതിയില്‍ എന്തേലും കാണുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ അത് അതിനേക്കാള്‍ വധം” എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്. അതേസമയം, ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായികയായത്. മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്‍ത്തികേയന്‍ സന്താനവുമാണ്.