മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകർ. എസ്എസ്എംബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ബിഗ് ബജറ്റ് ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററാണ് സംവിധായകൻ പുറത്തുവിട്ടത്. ഗ്ലോബ് ട്രോട്ടർ അഥവാ ലോകം ചുറ്റുന്നവൻ എന്നാണ് മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ വിശേഷിപ്പിച്ചത്.
പ്രീ-ലുക്ക് പോസ്റ്ററിൽ നായകന്റെ നെഞ്ചിന്റെ ഭാഗത്തിന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്. ഇതോടൊപ്പം നവംബറിൽ ഇതുവരെ കാണാത്ത തരത്തിലുളള ഒരു ഫസ്റ്റ് റിവീൽ ചിത്രത്തിന്റേതായി പുറത്തുവിടുമെന്നും രാജമൗലി അറിയിച്ചു. തങ്ങള്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് കുറച്ചായെന്നും കഥയും സാധ്യതയുമൊക്കെ വളരെ വിശാലമായതിനാല്‍ കുറച്ച് ചിത്രങ്ങള്‍ കൊണ്ടോ വാര്‍ത്താ സമ്മേളനങ്ങള്‍ കൊണ്ടോ ഒന്നും അതേക്കുറിച്ച് തൃപ്തികരമായി പറയാനാവില്ലെന്നും രാജമൗലി കുറിച്ചു. ചിത്രത്തിന്‍റെ ആഴവും സത്തയുമൊക്കെ പങ്കുവെക്കുന്ന, സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ച് പറയുന്ന ഒന്നിനുവേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഞങ്ങള്‍. അത് 2025 നവംബറില്‍ പുറത്തെത്തും. അത് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു റിവീല്‍ ആയിരിക്കുമെന്നും രാജമൗലി കുറിച്ചു.
അതേസമയം എസ്എസ്എംബി 29 ന് പ്രേക്ഷകർ നൽകിയ സ്നേഹത്തിന് രാജമൗലി നന്ദി പറഞ്ഞു. രാജമൗലി ചിത്രത്തിൽ മഹേഷ് ബാബുവിന്റെ വില്ലനായി പൃഥ്വിരാജ് സുകുമാരനാണ് വേഷമിടുന്നത്. പ്രിയങ്ക ചോപ്ര ചിത്രത്തിൽ നായികയായി എത്തും. ദുർഗ ആർട്‌സിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് കെ എൽ നാരായണൻ ഒരുക്കുന്ന ഈ ബിഗ് എന്റർടെയ്‌നർ 1000 കോടി ബജറ്റിലാണ് എടുക്കുന്നത്. ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എം എം കീരവാണിയാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് സംഗീതം നൽകുന്നത്.