മറാത്തി സ്റ്റാൻഡ്-അപ്പ് കൊമേഡിയനും, യൂട്യൂബറും, മുൻ ബിഗ്‌ബോസ് താരവും, ടെലിവിഷൻ താരവുമാണ് പ്രണിത് മോർ. ഈ അടുത്തിടെ അദ്ദേഹത്തിന്റെ ഒരു കോമഡി ഷോയിൽ നടന്ന ‘370 രൂപ ബിരിയാണി’ എന്ന പരാമർശവും, അതിനെത്തുടർന്നുണ്ടായ വിവാദങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വിമർശനത്തെത്തുടർന്ന്, പ്രണിത് മോർ പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും ഇപ്പോൾ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്.
പ്രണിത് മോറിന്റെ ലൈവ് ഷോയ്ക്കിടെ, തന്റെ ഡേറ്റിംഗ് എക്സ്പീരിയന്സിനെകുറിച്ച് ഷോയിലെ ഒരു പ്രേക്ഷകൻ ആയ ഹിമാൻഷു എന്ന യുവാവ് കഥപറയുന്നതും അത് കേട്ട് അവിടെയുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും ചിരിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഡേറ്റിംഗിനിടെ ചിലവഴിച്ച തുകയെക്കുറിച്ചും ആ പണം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചും ഹിമാൻഷു നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായി. ഈ പരാമർശത്തെ പ്രണിത് വേദിയിൽ വെച്ച് ചിരിച്ച് തള്ളിയതും, പിന്നീട് യുവാവിന് ജോലി നഷ്ടപ്പെട്ടതും വലിയ ചർച്ചയായി.
ഷോയിൽ വെച്ച് ഒരു ചിക്കൻ ബിരിയാണി വാങ്ങാൻ 370 രൂപ ചെലവഴിച്ചതായി ഹിമാൻഷു എന്ന യുവാവ് പറഞ്ഞതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. ഡേറ്റിംഗ് കഴിഞ്ഞ് തന്നെ വീട്ടിൽ ആക്കാൻ പറഞ്ഞപ്പോൾ ആ യുവാവ് ഭക്ഷണത്തിനായി ചെലവഴിച്ച പണത്തിന് പകരം ശരീരം പങ്കിടണമെന്ന് ആവശ്യപ്പെടുന്നു. പിന്നീട് നടന്ന സംഭവങ്ങൾ എല്ലാം ഒന്നുവിടാതെ ആ യുവാവ് ആ ഷോയിൽ വിവരിക്കുന്നു. അതുകേട്ട് പ്രണിത് മോർ അടക്കം ആ വേദിയിൽ ഉണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും കൈകൊട്ടി ചിരിക്കുന്നു. ഹരിയാനയിലെ ഗുഡ്മാവിലുള്ള ഒരു ഡിസൈൻ കമ്പനിയിലാണ് ആ യുവാവ് ജോലി ചെയ്തിരുന്നത്. സംഭവം വൈറലായതോടെ, അയാൾ ജോലി ചെയ്തിരുന്ന കമ്പനി അയാളെ തിരിച്ചറിഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതേസമയം പ്രണിത് മോർ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.
സംഭവം വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തത്. ഒരാൾക്ക് വേണ്ടി നമ്മൾ പണം ചിലവഴിച്ചാൽ അവർ നമുക്ക് എന്തെങ്കിലും കൊടുക്കണം എന്ന തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ചിന്തകൾ വളരെ മോശമായി നമ്മുടെ സമൂഹത്തെ ബാധിക്കുമെന്നാണ് വിമർശനം ഉയരുന്നത്. ഒരു ബിരിയാണിക്ക് വേണ്ടി ചിലവഴിച്ച തുകയുടെ പേരിൽ അത് മുതലാക്കാൻ ആ പെൺകുട്ടിയെ സെക്ഷ്വലി അബ്യുസ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഷോയിൽ കാണുന്ന തമാശ ആണെങ്കിൽ പോലും അത് നമ്മുടെ സമൂഹത്തെ ദോഷമായി ബാധിക്കും. ചിലവാക്കുന്ന പണത്തിന് പകരം എന്തെങ്കിലും തിരിച്ച് കിട്ടണമെന്ന മെസ്സേജ് ആണ് ഇതിലൂടെ തിരിച്ച് കിട്ടുന്നത്. സ്ത്രീകളെ ഇത്തരം മോശം രീതിയിൽ ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. ട്രാൻസാക്ഷൻ ഒരിക്കലും കൺസന്റ് അല്ല. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ 131 സ്ഥാനത്താണ് എന്നിരിക്കെ ഇത്തരത്തിലുള്ള തമാശകൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്നും വിമർശനം ഉയരുകയാണ്.