ലോക പ്രശസ്തന്‍ ആയ റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ലഭിച്ചത് ഭാഗ്യമാണെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മന്ത്രി മാധ്യങ്ങളോട് പ്രതികരിച്ചത്. അക്കാദമിയുടെ പ്രവര്‍ത്തനത്തിനും സിനിമാ മേഖലയുടെ പുരോഗതിക്കും വേണ്ടി കേരളത്തില്‍ ചിലവഴിക്കും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് സജി ചെറിയാന്‍ പറയുന്നത്.
”അദ്ദേഹം ലോക പ്രശസ്തനല്ലേ, അദ്ദേഹത്തെപ്പൊലൊരാളെ ചലച്ചിത്ര അക്കാദമിയുടെ നേതൃപദവിയിലേക്ക് ലഭിച്ചത് ഭാഗ്യമാണ്. രാജ്യത്തിനും കേരളത്തിനും അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച ആളാണ് റസൂല്‍ പൂക്കുട്ടി. പൂര്‍ണ്ണ മനസോടെ സ്വീകരിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു. കൂടുതല്‍ സമയം അക്കാദമിയുടെ പ്രവര്‍ത്തനത്തിനും സിനിമാ മേഖലയുടെ പുരോഗതിക്കും വേണ്ടി കേരളത്തില്‍ ചിലവഴിക്കും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.”
”അങ്ങനെ അദ്ദേഹത്തെ പോലൊരാള്‍ ഇവിടെ വന്ന് ചിലവഴിക്കാന്‍ തയ്യാറായെങ്കില്‍ മലയാള സിനിമയുടെ മറ്റൊരു ഭാഗ്യം കൂടെ വന്നിരിക്കുന്നു എന്നാണ് ഞങ്ങള്‍ കാണുന്നത്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് പുതിയ ടീം വരട്ടേയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു” എന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്.
അതേസമയം, വെള്ളിയാഴ്ചയാണ് റസൂല്‍ പൂക്കുട്ടിയെ അക്കാദമി ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായത്. സംവിധായിക കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയര്‍മാനായി തുടര്‍ന്നിരുന്നത്. തന്നെ ഒഴിവാക്കിയതില്‍ പ്രേംകുമാറിന് അതൃപ്തി ഉണ്ടെന്നാണ് വിവരം.