ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ റിലീസാവാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. വലിയ പ്രതീക്ഷയിലാണ് ആരാധകരും തെന്നിന്ത്യൻ സിനിമ ലോകവും. വലിയ ബഡ്ജറ്റിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
300 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ലോകേഷ് കനകരാജ് എന്ന ബ്രാന്റും വിജയ് എന്ന താരവും കൂടിച്ചേരുമ്പോൾ ബോക്സ്ഓഫീസ് കളക്ഷനുകൾ എല്ലാം ലിയോ തകർക്കുമെന്നാണ് സിനിമ ലോകം കണക്കുകൂട്ടുന്നത്.
ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി വിജയ് കൈപ്പറ്റിയ പ്രതിഫലമാണ് സിനിമാലോകത്തെ ചർച്ചാവിഷയം. 120 കോടി രൂപയാണ് ലിയോയിൽ വിജയിയുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വെട്രി എന്ന സിനിമയിൽ ബാലതാരമായയി അരങ്ങേറ്റം കുറിച്ചപ്പോൾ 500 രൂപയാണ് വിജയ് ആദ്യമായി പ്രതിഫലം കൈപ്പറ്റിയത്. വെട്രിയിൽ നിന്നും ലിയോയിൽ എത്തുമ്പോൾ വിജയ് എന്ന നടൻ ഒരുപാട് വളർന്നു. അതിന് പിന്നിൽ കഷ്ടപ്പാടുകളും സഹനവും ഒരുപാടുണ്ട്. തമിഴ് സിനിമയിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് വിജയ്.
അതുകൊണ്ട് തന്നെ വിജയ് സിനിമകൾ എപ്പോഴും ബോക്സ്ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തന്നെയാണ്. രജനികാന്തിന്റെ മുൻ ചിത്രം ജയിലറിന്റെ കളക്ഷൻ റെക്കോർഡുകൾ വെട്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാനകാര്യം.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുമാത്രം അഡ്വാൻസ് ബുക്കിങ്ങിൽ 10 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്. സിനിമ റിലീസ് ആവുന്നതിന് മുന്നെയാണ് ഇത്രയും നേടിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.