മലയാള സിനിമയിലെ പെരുന്തച്ചൻ; തിലകനെന്ന നിഷേധിയായ കലാകാരൻ

തിലകന്റെ കൂടെ അഭിനയിക്കുമ്പോൾ സ്വഭാവികമായും മറ്റ് താരങ്ങളുടെ മാറ്റ് കുറയുന്നു, അല്ലെങ്കിൽ അവരെല്ലാം തിലകനോടൊപ്പം എത്താൻ എപ്പോഴും കഷ്ടപ്പെടുന്നു എന്ന് വേണം പറയാൻ. അഭിനയ തീവ്രതയുടെ ഭാവഭേദങ്ങൾ അയാൾ തന്റെ കഥാപാത്രങ്ങളിലൂടെ മലയാളിക്ക് കാണിച്ചു തന്നു. മലയാള സിനിമയിൽ സമാനതകളില്ലാതെ അയാൾ ജീവിച്ചു. പിന്നീടൊരു കാലഘട്ടത്തിൽ മലയാള സിനിമ തിലകനെ പാടെ മാറ്റി നിർത്തി. പക്ഷേ അപ്പോഴൊക്കെ അവിടെ തോറ്റുപോയത് തിലകനായിരുന്നില്ല, മലയാള സിനിമയായിരുന്നു. ഇന്ന് തിലകന്റെ പതിനൊന്നാം ഓർമ്മദിനം.

അഭിനയം തന്നെയായിരുന്നു തിലകന്റെ ജീവിതം.  1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൌഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായമായിരുന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ ‘പെരിയാർ’ എന്ന സിനിമയിലൂടെയായിരുന്നു തിലകന്റെ സിനിമയിലേക്കുള്ള പ്രവേശനം.  പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകനായിരുന്നു ഏറ്റെടുത്ത് നടത്തിയിരുന്നത്. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം ‘ഉൾക്കടലി’ലൂടെയാണ് തിലകൻ മലയാളത്തിൽ സജീവമായി തുടങ്ങിയത്.

അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും നേടികൊടുത്തത് ഒരു കെ. ജി ജോർജ് ചിത്രമായിരുന്നു. 1982 ൽ പുറത്തിറങ്ങിയ ‘യവനിക’ ആയിരുന്നു ആ ചിത്രം.അതൊരു  തുടക്കം മാത്രമായിരുന്നു. പിന്നീട് അജയൻ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ‘പെരുന്തച്ചൻ’, ‘സന്താനഗോപാലം’, ‘ഗമനം’ എന്നീ  ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങൾക്ക് ആ വർഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തിലകനെ തേടിയെത്തി. 2007 ൽ ‘ഏകാന്തം’ എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്കാരവും തിലകനെ തേടിയെത്തി. 2009 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

തിലകന്റെ മികച്ച പ്രകടനം ഏതെന്ന് ചോദിച്ചാൽ ഏതൊരു സിനിമ പ്രേക്ഷകനും ഒന്ന് കുഴങ്ങും, നാടോടിക്കാറ്റ്, മൂന്നാം പക്കം, പെരുന്തച്ചൻ, ഗോഡ്ഫാദർ, നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, പിൻഗാമി, മൂക്കില്ലാ രാജ്യത്ത്, യവനിക, പഞ്ചവടി പാലം, കാട്ടുകുതിര, കിലുക്കം സന്ദേശം, കണ്ണെഴുതിപൊട്ടും തൊട്ട്, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പി… അങ്ങനെ തുടങ്ങി ഒരുപാട് സിനിമകളിൽ തിലകൻ മലയാളികൾക്ക് മുമ്പിൽ കഥാപാത്രമായി ജീവിച്ചു. ഗംഭീരമായ ശബ്ദം കൊണ്ടും, തന്റെ ശരീര പ്രകൃത്യവും ഒരു കഥാപാത്രത്തിന് വേണ്ടി അയാൾ വീണ്ടും വീണ്ടും മിനുക്കിയെടുത്തുകൊണ്ടിരുന്നു. തിലകനിലെ നടനെ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത് തിലകൻ തന്നെയായിരുന്നു. വളരെ ഗൌരവകരമായ കഥാപാത്രങ്ങൾ മാത്രമല്ലാതെ, നർമ്മം ചെയ്യാനുള്ള തിലകന്റെ കഴിവും അപാരമായിരുന്നു.  നാടകത്തിലൂടെയും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും ആർജിച്ചെടുത്ത കരുത്തനായ അഭിനേതാവായിരുന്നു മലയാളത്തിന്റെ സ്വന്തം തിലകൻ.

‘അമ്മ’ എന്ന് പേരുള്ള ഒരു താര സംഘടനയുടെ വിലക്കിലൂടെ തിലകന് ഒന്നും നഷ്ടമായിരുന്നില്ല. നഷ്ടങ്ങളെല്ലാം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും മാത്രമായിരുന്നു. ഒരു വിലക്കിലൂടെ തിലകൻ തീർന്നു എന്ന് കരുതിയയിടത്തു നിന്നും അയാൾ മൂന്നാം പക്കം ഉയർത്തെണീറ്റു.  ഭൂരിപക്ഷ മലയാളി പ്രേക്ഷകരെ  ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോൻ എന്ന കഥാപാത്രമായും ഉസ്താദ് ഹോട്ടലിലെ കരീം ഇക്കയായും അയാൾ നിറഞ്ഞാടി. ഒരു നഷ്ടബോധത്തോടെ മലയാള സിനിമ തിലകനെ എന്നും ഓർക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ