സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ശോഭനയുടെ വിവാഹത്തെ കുറിച്ചുള്ള പഴയൊരു വാര്‍ത്ത. ‘ശോഭന വിവാഹിതയാകുന്നു’ എന്ന തലക്കെട്ടോടെ 1987ല്‍ ചിത്രഭൂമിയില്‍ വന്ന വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. മുറച്ചെറുക്കന്‍ പ്രേമാനന്ദുമായി ശോഭനയുടെ വിവാഹം ഉറപ്പിച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
പ്രണയ വിവാഹമല്ല, വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ്. നടി പത്മിനി രാമചന്ദ്രന്റെ മകനാണ് പ്രേമാനന്ദ് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. അമ്മയോടൊപ്പം അമേരിക്കയില്‍ സ്ഥിരം താമസമാക്കിയ പ്രേമാനന്ദ് നടന്‍ മധു സംവിധാനം ചെയ്ത ഉദയം പടിഞ്ഞാറ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. വിവാഹ ശേഷം ശോഭന അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തയിലുണ്ട്.
വാര്‍ത്ത ചര്‍ച്ചയായതോടെ ശോഭനയുടെ വരന്‍ എവിടെ എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. പ്രേമാനന്ദ് മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്നും ഇപ്പോള്‍ അമേരിക്കയിലുണ്ടെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, അഭിനയത്തിലും നൃത്തത്തിലുമെല്ലാം ലോകമറിയുന്ന താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി തന്നെ നിലനിര്‍ത്താന്‍ ശോഭന ശ്രദ്ധിക്കാറുണ്ട്.
നൃത്തത്തില്‍ സജീവമായതോടെ ശോഭന അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ തിരികെ എത്തിയത്. അടുത്തിടെ ശോഭനയുടെതായി പുറത്തിറങ്ങിയ ‘തുടരും’ വന്‍ വിജയമായി മാറിയിരുന്നു.