ഇക്കഴിഞ്ഞ ദിവസമാണ് നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമർശവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. ആർഎൽവി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്കെതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് പിന്നിൽ. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമെ സ്നേഹക്കെതിരെ സത്യഭാമ ബോഡി ഷെയ്മിങ്ങും നടത്തിയിരുന്നു.
‘‘പിണ്ഡോദരി മോളെ’’ എന്ന് പറഞ്ഞു കൊണ്ടാണ് സ്നേഹക്കെതിരെ കഴിഞ്ഞ ദിവസം സത്യഭാമ വിഡിയോ പങ്കുവച്ചത്. സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപ്പെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നും വിഡിയോയിൽ സത്യഭാമ ഭീഷണി മുഴക്കിയിരുന്നു. സ്നേഹയുടെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിട്ടുണ്ട്.
‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ”.– എന്നാണ് വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സത്യഭാമയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇതിന് പിന്നാലെ ഇപ്പോൾ വീണ്ടും സ്നേഹക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ലെന്നും ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണമെന്നും പുതിയ പോസ്റ്റിൽ സത്യഭാമ കുറിച്ചു. എന്നാൽ ഇതിനൊന്നും സ്നേഹ മറുപടി നൽകിയിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ്
നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല.👍over smart കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ.