താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും ആരും സംഘടന വിട്ടു പോകുന്നില്ലെന്നും അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കുമെന്നും നടൻ പറഞ്ഞു.
“അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയിൽ അമ്മ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതിൽ നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേർന്ന് എറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് വിശ്വാസം”, വോട്ടുചെയ്ത ശേഷം മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ വോട്ട് ചെയ്യാനെത്തിയത്.
“സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ് എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് പോലെ എല്ലാവർക്കും സ്വീകാര്യമായവർ ഇവിടെയും തിരഞ്ഞെടുക്കപ്പെടും. വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല”, ആന്റണി പെരുമ്പാവൂർ പറഞ്ഞു.
രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. ഏറെ വിവാദമായ തെരഞ്ഞെടുപ്പിൽ യുവ താരങ്ങൾ ഉൾപ്പെടെ ആരെല്ലാം വോട്ടെടുപ്പിന് എത്തുമെന്നതിലാണ് ആകാംക്ഷ. അതേസമയം മമ്മൂട്ടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് വിവരം.