'ആനക്കൊമ്പ് കള്ളന്‍' എന്ന പേരില്‍ ലാലേട്ടനെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലോ; കൂടത്തായ് സിനിമയാക്കുന്നതിനെതിരെ അഭിഭാഷകന്‍

കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നതിനെരെ വിമര്‍ശനവുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. പരിഷ്‌കൃത സമൂഹം പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും ആ സാഹചര്യത്തില്‍ മസാല കഥകള്‍ ഉണ്ടാക്കി സിനിമാ പോസ്റ്ററുകള്‍ വരെ ഇറക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുവെന്നും ശ്രീജിത്ത് പറയുന്നു.

കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മലയാളത്തില്‍ രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി കുറ്റാന്വേഷണ ചിത്രം പുറത്തിറക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. നടി ഡിനി ഡാനിയല്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് മറ്റൊന്ന്. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് രംഗത്തു വന്നത്.

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വായിക്കാം:

കലക്കവെള്ളത്തില്‍ കൂടത്തായി കലക്കി മീന്‍ പിടിക്കുന്നവരോടാണ്…

കൊലപാതകമെന്ന് സംശയിക്കത്തക്ക സാഹചര്യത്തില്‍ ആറോളം മനുഷ്യജീവനുകള്‍ നഷ്ടമായിരിക്കുന്നു…

ഭര്‍ത്താവിനെയും, ഭര്‍തൃ പിതാവിനെയും, മാതാവിനെയും സഹോദരങ്ങളെയും തുടങ്ങി പിഞ്ച് കുഞ്ഞുങ്ങളെപ്പോലും ക്രൂരമായി കൊന്ന സ്ഥാനത്ത് സംശയിക്കപ്പെടുന്നത് അപൂര്‍വമായി ഒരു സ്ത്രീ ….

രണ്ട് പതിറ്റാണ്ടുകളോളം പഴക്കമുള്ള കേസില്‍ തെളിവുകള്‍ കണ്ടെത്താനും അവയെ തമ്മില്‍ ബന്ധിപ്പിക്കുവാനും അന്വേഷണ ഏജന്‍സികള്‍ നെട്ടോട്ടമോടുന്ന സാഹചര്യം…

അച്ഛനെക്കൊന്നത് അമ്മയാണെന്ന വാര്‍ത്തകള്‍ കേട്ട് പകച്ചു നില്‍ക്കുന്ന മക്കള്‍ …

അമ്മയെയും, സഹോദരിയെയും കൊന്നത് രണ്ടാനമ്മയാണെന്നു കേട്ട് പകച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ ….

അച്ഛനെയും അമ്മയെയും കൊന്നത് സഹോദരന്റെ ഭാര്യയാണെന്ന് വാര്‍ത്തകള്‍ കേട്ട് തളര്‍ന്നുപോകുന്ന മനുഷ്യര്‍..

സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടുവെന്ന് സംശയിക്കുന്നവരെല്ലാം പരാതിയുമായി വരുന്ന സാഹചര്യം…

ഒരുപാട് ജീവനുകളും ജീവിതങ്ങളും ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാത്തവിധം അക്ഷരാര്‍ത്ഥത്തില്‍ ചോദ്യചിഹ്നങ്ങളായി ചിതറിത്തെറിച്ചു നില്‍ക്കുകയാണ്.

അങ്ങനെ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സാഹചര്യത്തിലൂടെയാണ് കൂടത്തായി സംഭവങ്ങള്‍ കടന്നുപോകുന്നത്. ഒരു പരിഷ്‌കൃത സമൂഹം ഏറ്റവും പക്വതയോടെയും , സാമൂഹികമായ അച്ചടക്കത്തോടെയും ഈ വിഷയം കൈകാര്യം ചെയ്യേണ്ട പ്രധാനപ്പെട്ട സമയം.

പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നടക്കുന്നതെന്നതാണ്… “Right To Fair Trial ” “Presumption of Innocence” എന്നീ അടിസ്ഥാന നിയമ തത്വങ്ങള്‍ പോലും നിഷേധിച്ച് പൊടിപ്പും തൊങ്ങലും, ഇക്കിളി മസാല കഥകളും വച്ച് സിനിമ പോസ്റ്ററുകള്‍വരെ ഇറക്കുന്ന തിരക്കിലാണ് അഭിനവ മലയാളികള്‍ എന്നതില്‍ ലജ്ജ തോന്നുന്നു.

കേസിലെ ദുരൂഹതകള്‍ ഓരോ നിമിഷം കൂടിവരികയും, ബൃഹത്തായ അന്വേഷണത്തിനുത്തരവിടുകയും ചെയ്യുമ്പോള്‍ സമാന്തരമായി കൂടത്തായി മാര്‍ക്കറ്റിങ് നടത്തുന്ന നന്മ മരങ്ങളോട് പറയട്ടെ, നിങ്ങളാ കുടുംബത്തിലെ പിഞ്ചു മക്കളുടെ കാര്യമെങ്കിലും ഒരു നിമിഷം ഓര്‍ക്കണം അവരും നമ്മെപ്പോലെ സുഹൃത്തുക്കളും, ബന്ധങ്ങളുമുള്ള സാമൂഹിക ജീവികളാണ്.തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സാമൂഹികമായി ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യം ആ കുട്ടികള്‍ക്കുണ്ടാകും..

കൂടത്തായി എന്നപേരില്‍ സിനിമാപ്പണി തുടങ്ങിയെന്നു പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരാ ആനക്കൊമ്പുകേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്ന് “ആനക്കൊമ്പ് കള്ളന്‍” എന്ന പേരില്‍ ലാലേട്ടന്റെ വെച്ചൊരു സിനിമ പ്രഖ്യാപിച്ചിരുന്നേല്‍ എങ്ങനെയുണ്ടാകുമായിരുന്നു….

ഭരണഘടനാ അനുവദിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന മൗലികാവകാശം റീസണബിള്‍ റെസ്ട്രിക്ഷന് അഥവാ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്ന് പെരുമ്പാവൂരന്മാര്‍ മനസിലാക്കണം. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ സംഭവത്തില്‍ യഥാര്‍ഥ സംഭവമെന്ന് ചൂണ്ടികാണിച്ചു സിനിമ നിര്‍മിക്കുന്നത് വിചാരണയെ സ്വാധീനിക്കലും നിയമ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തലും, നിയമവിരുദ്ധവുമാണെന്ന് മനസിലാക്കിക്കൊള്ളുക.

ഒപ്പം മാധ്യമങ്ങളോടാണ്. സമാന്തര മാധ്യമവിചാരണ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. എന്നാല്‍ സത്യസന്ധമായ സോഴ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തുകയും വേണം. പുട്ടിനു തേങ്ങ ഇടുന്നതുപോലെ ഇടയ്ക്കിടയ്ക്ക് ഇല്ലെങ്കിലും കുഴപ്പമില്ല, ഉള്ളത് വാര്‍ത്തകളായാല്‍ മതി, കെട്ടുകഥകളായിരിക്കരുത്.

“ഞങ്ങളുടെ ഏട്ടനെ കുറിച്ച് പറഞ്ഞാല്‍ മൂക്കില്‍ കേറ്റും, മാധ്യമങ്ങളെല്ലാം മഞ്ഞയാണ്, ജോളിയെ ഇപ്പോള്‍ത്തന്നെ തൂക്കിലേറ്റേണ്ടതാണ്” തുടങ്ങിയ കമന്റുകളുമായി വരുന്ന ഫാന്‍സപ്പന്മാര്‍ക്ക് അഡ്വാന്‍സായി നല്ല നമസ്‌കാരം .

നടി ആക്രമിക്കപ്പെട്ട സംഭവം സെന്‍സേഷണലായപ്പോള്‍ പ്രസ്തുത സംഭവം സിനിമയാക്കാന്‍ ശ്രമിച്ചതിനെ നിയമപരമായി ഇടപെട്ട് തടഞ്ഞിരുന്നു. സമാനമായി കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി സംഭവത്തില്‍ കേസില്‍ വിചാരണ കഴിയുന്നതുവരെ ഏതെങ്കിലും തരത്തിലുള്ള സിനിമാപ്പണികള്‍ ഈ സംഭവത്തിന്റെ യാഥാര്‍ഥ്യമെന്ന പേരില്‍ നടത്തിയാല്‍ അത് നിയമപരമായി തടയുമെന്നു വിനയപുരസ്സരം അറിയിക്കട്ടെ.

നമുക്ക് ചുറ്റും നമ്മളറിയാതെ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ ഒരുപാടുണ്ട്. അതുകൊണ്ടുതന്നെ ഈ കേസില്‍ യഥാര്‍ഥ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സാമൂഹിക വിപത്തായി മാറുമെന്നതിനാല്‍ സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേസില്‍ കുറ്റപത്രം നല്‍കുന്നതുവരെയെങ്കിലും ഒന്നടങ്ങി നില്‍ക്കണം എന്നാണു അഭ്യര്‍ത്ഥിക്കാനുള്ളത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു