മമ്മൂട്ടിയുടേതായി സിനിമാപ്രേമികൾ ആകാംക്ഷകളോടെ കാത്തിരിക്കുന്ന കളങ്കാവൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നായകത്വവും വില്ലനിസവും സമം കലർന്ന ഭാവത്തിലാണ് ടീസറിൽ മമ്മൂക്കയുടെ കഥാപാത്രത്തെ കാണിക്കുന്നത്. ടീസറിൽ മമ്മൂട്ടിക്കൊപ്പം വിനായകൻ, അസീസ് നെടുമങ്ങാട് എന്നിവരുടെ കഥാപാത്രങ്ങളും കാണിക്കുന്നുണ്ട്. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. നവാഗതനായ ജിതിൻ ജോസ് ആണ് കളങ്കാവൽ സംവിധാനം ചെയ്യുന്നത്.
മാസ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ടീസർ പോസ്റ്റർ രണ്ട് ദിവസം മുൻപാണ് അണിയറക്കാർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. വേഫറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രവീൺ പ്രഭാകറാണ് ചെയ്യുന്നത്. മുജീബ് മജീദ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നു