വേണമെങ്കില്‍ മമ്മൂട്ടിക്ക് മോളിയുടെ വീട്ടില്‍ ചെന്ന് സെല്‍ഫി എടുക്കാമായിരുന്നു, അഹങ്കാരിയെന്ന് മുദ്ര കുത്തപ്പെട്ട മനുഷ്യന്‍ നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്; കുറിപ്പ്

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത മമ്മൂട്ടിയുടെ നടപടിയെ ഏവരും പ്രശംസിച്ചിരുന്നു. ഇതിനൊപ്പം ആ വാര്‍ത്തയ്ക്ക് പിന്നിലെ ചില വേറിട്ട സത്യങ്ങളും മമ്മൂട്ടി എന്ന മനുഷ്യന്‍ ഇതുവരെ തുടര്‍ന്നു പോരുന്ന ശീലങ്ങളും തുറന്നെഴുതുകയാണ് സൈബറിടത്തിലെ എഴുത്തുകാരനായ സന്ദീപ് ദാസ്. മോളിയുടെ വീട്ടില്‍ നേരിട്ട് ചെല്ലാതെ ഒപ്പം നിന്ന് ചിത്രമെടുത്ത് വാര്‍ത്തയാക്കാതെ തന്റെ പിഎ വഴിയാണ് അദ്ദേഹം സഹായം അറിയിച്ചത്. കുറിപ്പ് വായിക്കാം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്നേഹത്തിന്റെ പുസ്തകത്തില്‍ ഒരു അദ്ധ്യായം കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗബാധ മൂലം കഷ്ടപ്പെടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു.”ചാള മേരി” എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ മോളി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അപ്പോഴാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്. മമ്മൂട്ടി പതിവു തെറ്റിച്ചില്ല.സഹായം ചെയ്യാന്‍ പോകുന്നു എന്ന കാര്യം ആരെയും അറിയിച്ചില്ല. മോളിയുടെ ഓപ്പറേഷന് ആവശ്യമായ സൗകര്യങ്ങള്‍ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട് എന്ന വിവരവുമായി മമ്മൂട്ടിയുടെ പി.എ മോളിയുടെ വീട്ടില്‍ ചെല്ലുകയാണ് ചെയ്തത്. മോളിയുടെ കുടുംബമാണ് ഇക്കാര്യം പുറത്തു വിട്ടത്.

വേണമെങ്കില്‍ മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടില്‍ നേരിട്ട് ചെല്ലാമായിരുന്നു.അവരെ ചേര്‍ത്തുപിടിച്ച് ഫോട്ടോ എടുക്കാമായിരുന്നു. അങ്ങനെയാണെങ്കില്‍ ആ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ തകര്‍ത്തോടുമായിരുന്നു.പക്ഷേ മമ്മൂട്ടി അങ്ങനെ ചെയ്യില്ല. വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുത് എന്നതാണ് എല്ലാക്കാലത്തും അദ്ദേഹത്തിന്റെ നിലപാട്. നമ്മുടെ നാട്ടില്‍ പ്രളയമുണ്ടായ സമയത്ത് മമ്മൂട്ടി ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിയിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിനിടെ മരിച്ച വസന്തകുമാര്‍ എന്ന ജവാന്റെ ഭവനം മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. 2016-ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടംമൂലം ദുരിതത്തിലായവരെ മമ്മൂട്ടി ആശ്വസിപ്പിച്ചിരുന്നു. അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും.പക്ഷേ ഈ സംഭവങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിട്ടില്ല. പല സന്ദര്‍ശനങ്ങളുടെയും ചിത്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് തോന്നുന്നു.അതാണ് മമ്മൂട്ടിയുടെ മഹത്വം. ഇക്കാര്യത്തില്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.

സിനിമയില്‍ ശാശ്വതമായ സൗഹൃദങ്ങളില്ല എന്നാണ് വെയ്പ്.”ഉദയനാണ് താരം” എന്ന ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം “”സൗഹൃദം വേറെ ; സിനിമ വേറെ”” എന്നൊരു ഡയലോഗ് പറയുന്നുണ്ട്. ലാഭനഷ്ടക്കണക്കുകളുടെ കണ്ണിലൂടെ സൗഹൃദങ്ങളെ നോക്കിക്കാണുന്നവരാണ് സിനിമയില്‍ ഏറെയും. സഹപ്രവര്‍ത്തകര്‍ക്ക് ദുഃഖങ്ങള്‍ വരുമ്പോള്‍ മിക്ക സിനിമാക്കാരും അത് കണ്ട ഭാവം നടിക്കാറില്ല.
എന്നാല്‍ സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെയേറെ വില കല്‍പ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. തൊടുപുഴ വാസന്തി എന്ന പാവം നടി അന്തരിച്ചപ്പോള്‍ അവരുടെ വസതിയില്‍ പോയി ആദരാഞ്ജലികള്‍ അര്‍പ്പിച്ച അപൂര്‍വ്വം നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

സെലിബ്രിറ്റികളും സാധാരണക്കാരും ഉള്‍പ്പടെ ഒട്ടേറെ മനുഷ്യരെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്.അഹങ്കാരിയെന്ന് മുദ്ര കുത്തപ്പെട്ട ആ മനുഷ്യന്‍ അനേകം മനുഷ്യജീവനുകള്‍ നിശ്ശബ്ദമായി രക്ഷിച്ചെടുത്തിട്ടുണ്ട്. സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ആദിവാസികളെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജില്‍ സഹായം അഭ്യര്‍ത്ഥിച്ച പ്രേംകുമാര്‍ എന്ന വ്യക്തിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും മമ്മൂട്ടി ഏറ്റെടുത്തിരുന്നു.

മമ്മൂട്ടിയുടെ കണ്ണുകള്‍ സ്‌ക്രീനില്‍ കണ്ട് വിസ്മയിച്ചു പോയിട്ടുണ്ട്. കരുണയുള്ള മിഴികളാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിനു വേണ്ടി അവ സദാസമയം തുറന്നിരിക്കുകയാണ്!
മമ്മൂട്ടിയുടെ ഇതുപോലുള്ള പ്രവൃത്തികളെ വില കുറച്ചു കാണുന്ന ആളുകളുണ്ടാകാം.””സിനിമയില്‍ നിന്ന് ഇഷ്ടം പോലെ കാശ് സമ്പാദിക്കുന്നുണ്ടല്ലോ ; അതില്‍ നിന്ന് ഇത്തിരി കൊടുത്താലെന്താ?” എന്നൊക്കെ ചോദിക്കുന്നവര്‍. അത്തരക്കാര്‍ ചില കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവില്ല. എല്ലാ ധനികരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല. പലപ്പോഴും സമ്പന്നരിലാണ് പിശുക്ക് എന്ന വ്യാധി കൂടുതലായി കാണപ്പെടുന്നത്. മോളി കണ്ണമാലിയുടെ രോഗവിവരങ്ങള്‍ പലരും വിളിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ നല്ലൊരു സഹായം ചെയ്യാന്‍ മമ്മൂട്ടി തന്നെ വേണ്ടിവന്നു എന്ന് മോളിയുടെ മകന്‍ പറഞ്ഞിരുന്നു. എന്തെല്ലാം ആദര്‍ശങ്ങള്‍ പറഞ്ഞാലും പണത്തിന്റെ കാര്യം വരുമ്പോള്‍ പല മനുഷ്യരും സ്വാര്‍ത്ഥരായി മാറും.അവിടെയാണ് മമ്മൂട്ടിയുടെ ഔന്നത്യം.
ജീവിക്കാന്‍ പണം ആവശ്യമാണ്. പക്ഷേ മരിക്കുമ്പോള്‍ ഒന്നും ഒപ്പം കൊണ്ടു പോകാന്‍ നമുക്ക് സാധിക്കില്ല. അതുകൊണ്ടു തന്നെ പണത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കിയിട്ട് പ്രയോജനമൊന്നുമില്ല. ഈ സത്യം അംഗീകരിക്കാന്‍ നമുക്ക് മടിയാണ്. പക്ഷേ അതാണ് മമ്മൂട്ടിയുടെ നയം.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി “പേരന്‍പ് ” എന്ന സിനിമ ചെയ്തത്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ “”എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാനാവില്ല “” എന്നാണ് മമ്മൂട്ടി പറഞ്ഞത്. അങ്ങനെയൊരു മറുപടി നല്‍കാന്‍ മമ്മൂട്ടിയ്ക്കേ സാധിക്കൂ. പേരന്‍പും യാത്രയും പോലുള്ള കൊതിപ്പിക്കുന്ന അവസരങ്ങള്‍ അദ്ദേഹത്തിലേക്ക് വന്നു ചേരുന്നതും അതു കൊണ്ടാണ്.
എം.ടി വാസുദേവന്‍ നായര്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചത് “കെടാവിളക്ക് ” എന്നാണ്. മറ്റു ഭാഷകള്‍ക്ക് കടംകൊടുത്താലും തിരിച്ചുവാങ്ങി എന്നും സൂക്ഷിക്കാവുന്ന വിളക്ക് !

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും