കോളിവുഡിലെ പുത്തന്‍ താരോദയമാണ് പ്രദീപ് രംഗനാഥന്‍. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’, ‘ഡ്യൂഡ്’, നായകനായ മൂന്ന് സിനിമകളും 100 കോടി ക്ലബ്ബില്‍ എത്തിച്ച നടന്‍ എന്ന റെക്കോര്‍ഡും പ്രദീപ് രംഗനാഥനുണ്ട്. ഇതിനിടെ നടനെ കുറിച്ചുള്ള ഹൃദയഹാരിയായ അനുഭവകഥ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. താന്‍ ഒരു പാര്‍ട്ട് ടൈം ഊബര്‍ ഡ്രൈവര്‍ ആയിരുന്നപ്പോള്‍ കാറില്‍ യാത്ര ചെയ്ത, സാധാരണക്കാരനായിരുന്ന പ്രദീപ് രംഗനാഥനെ കുറിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്.
ഈ കൂടിക്കാഴ്ച നടന്ന് ഒരു വര്‍ഷത്തിന് ശേഷം തമിഴില്‍ സൂപ്പര്‍ഹിറ്റായ ‘കോമാളി’ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ അതിന്റെ സംവിധായകന്റെ പേര് കണ്ട് താന്‍ ഞെട്ടിപ്പോയി എന്നാണ് ഡ്രൈവര്‍ ആയ ഫാസില്‍ മുസ്തഫ പറയുന്നത്. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ‘ഡ്യൂഡ്’ എന്ന ചിത്രം കണ്ട ശേഷമാണ് ഫാസില്‍ മുസ്തഫ പ്രദീപ് രംഗനാഥനൊപ്പമുള്ള ഊബര്‍ യാത്രയിലെ ഓര്‍മകള്‍ പങ്കുവച്ചത്.
ഫാസില്‍ മുസ്തഫയുടെ വാക്കുകള്‍:
എനിക്ക് ഉണ്ടായ ഒരു വ്യക്തിപരമായ അനുഭവം വിവരിക്കുവാനാണ് ഈ വീഡിയോ. 2018ല്‍ ഞാന്‍ ചെന്നൈയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം ഊബര്‍ ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ രാത്രി എട്ട് മണിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു പിക്ക് അപ് വന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു യാത്ര വന്നു. ഒരു 27 വയസുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. ഞങ്ങള്‍ പരിചയപ്പെട്ടു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് ഏകദേശം ഓക്കേ ആയിട്ടുണ്ട്, എന്നാലും സ്ട്രഗ്ലിങ് ആണ്, ഒന്ന്-രണ്ട് ആള്‍ക്കാരെ കാണാന്‍ പോവുകയാണ് എന്ന് പറഞ്ഞു. ഞാനും എന്റെ കാര്യങ്ങള്‍ പറഞ്ഞു.
ഞാനും ഒരു കലാകാരനാണ് മ്യൂസിഷ്യന്‍ ആണ്, ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ശേഷം ഞാന്‍ ഇയാളെ ഡ്രോപ്പ് ചെയ്തു. നമ്പര്‍ ഒക്കെ വാങ്ങി ആണ് പോയത്. ഒരു വര്‍ഷം കഴിഞ്ഞ് തമിഴില്‍ ‘കോമാളി’ എന്നൊരു സിനിമ റിലീസ് ചെയ്തു. തമിഴിലെ തന്നെ ബെസ്റ്റ് ആക്ടര്‍ ആയ ജയം രവിയെ വച്ചിട്ട് ആണ് ചെയ്തത്. അന്ന് എന്റെ ഒപ്പം കാറില്‍ യാത്ര ചെയ്ത ആളാണ് അതിന്റെ സംവിധായകന്‍ എന്നറിഞ്ഞപ്പോള്‍, അദ്ദേഹം കഷ്ടപ്പാടുകള്‍ പറഞ്ഞത് എനിക്ക് ഓര്‍മ വന്നു. എനിക്ക് ഒരുപാട് അഭിമാനം തോന്നി. പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ല. പിന്നെ വന്നത് പാന്‍ ഇന്ത്യന്‍ ഹിറ്റായ ‘ലവ് ടുഡേ’. നായകനും സംവിധായകനും പ്രദീപ് രംഗനാഥന്‍.
സത്യം പറഞ്ഞാല്‍ എന്റെ കിളി പോയി. ഇയാളെ കാണുമ്പോള്‍ ഇത്രയും അടിപൊളി പെര്‍ഫോര്‍മര്‍ ആണെന്ന് തോന്നിയില്ല. ഒരു സാധു മനുഷ്യന്‍! എന്തെങ്കിലും ചോദിച്ചാലാണ് തിരിച്ചു സംസാരിക്കുക. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നമ്പര്‍ എടുത്ത് കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചു. എന്റെ മെസ്സേജ് നിര്‍ഭാഗ്യവശാല്‍ അദ്ദേഹം കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ‘ഡ്രാഗണ്‍’ ഇറങ്ങി. അത് വേറെ ലെവല്‍ ഹിറ്റ്. ഇപ്പോള്‍ ‘ഡ്യൂഡ്’ സിനിമ റിലീസ് ചെയ്തു അതിപ്പോള്‍ കണ്ടു വന്നതേയുള്ളൂ. കണ്ട പാടെ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഈ കാര്യങ്ങള്‍ നിങ്ങളോടെല്ലാം ഷെയര്‍ ചെയ്യണം എന്ന് തോന്നി. ഏഴു വര്‍ഷം മുന്‍പെ ഒരു സ്‌ക്രിപ്റ്റും പിടിച്ച് ഓടി നടന്നിരുന്ന ഒരാള്‍ ഇന്ന് തമിഴ് സിനിമയില്‍ ഒരു സ്റ്റാര്‍ ആയി നില്‍ക്കുക എന്ന് പറയുമ്പോള്‍ ഭയങ്കര അഭിമാനം തോന്നുന്നു. നമ്മള്‍ ഏതു കാര്യത്തിനെ ആണോ ആത്മാര്‍ഥമായി പിന്തുടരുന്നത് അത് നമുക്ക് ഒരു നാള്‍ കിട്ടും എന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു സന്ദര്‍ഭം ആണ് അത്. അദ്ദേഹത്തെ ഓര്‍ത്ത് ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു.