ആകെ മെലിഞ്ഞ് ക്ഷീണിച്ച നിലയില്‍ ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ലുക്ക്. നാഗാര്‍ജുന നായകനായെത്തിയ ‘ശിവ’ സിനിമയുടെ റിറിലീസിനോട് അനുബന്ധിച്ചുള്ള പ്രെമോ വീഡിയോയിലാണ് മെലിഞ്ഞ ലുക്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തിയിരിക്കുന്നത്. ഇതോടെ താരത്തിന്റെ ആരോഗ്യാവസ്ഥ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഒരു മാസം മുമ്പേ താരത്തിന്റെ മെലിഞ്ഞ ലുക്ക് ചര്‍ച്ചയായിരുന്നു. ഭാര്യ ലക്ഷ്മി പ്രണതിയുടെ സഹോദരന്‍ നരേന്‍ നിതിനിന്റെ വിവാഹച്ചടങ്ങില്‍ ആയിരുന്നു മെലിഞ്ഞ ലുക്കില്‍ താരം എത്തിയത്. അന്നേ നടന്റെ ആരോഗ്യാവസ്ഥയില്‍ ആരാധകര്‍ ആശങ്ക അറിയിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് ഈ മേക്കോവര്‍ എങ്കില്‍ ഇതു കുറച്ച് കടുത്തുപോയി എന്നാണ് നടന്റെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഈ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ അടുത്ത ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ‘വാര്‍ 2’ സിനിമയുടെ സെറ്റില്‍ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘ഡ്രാഗണ്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം മെലിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നീണ്ട താടിയും മെലിഞ്ഞ ശരീരവുമായൊരു ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. പുതിയ മേക്കോവറിനായി താരം തീവ്ര പരിശീലനത്തില്‍ ആയിരുന്നു.