യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സമീർ താഹിറിന്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിയായ കേസിലാണ് കുറ്റപത്രം നൽകിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽവെച്ച് ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും ഒപ്പം ഇരുവരുടെയും സുഹൃത്തിനെയും എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. മൂവരും കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തൃശൂർ സ്വദേശിയുടെ ഫ്ലാറ്റിലാണ് സമീർ വാടകയ്ക്ക് താമസിച്ചിരുന്നത്. അതേസമയം സിനിമാപ്രവർത്തകർക്ക് ലഹരി എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്ന് പ്രതികളുടെ മൊഴി. എന്നാൽ ഇതിന് തെളിവില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു.