അറ്റ്‌ലീക്കൊപ്പം വീണ്ടും കൈകോര്‍ത്ത് ദീപിക പദുക്കോണ്‍. അല്ലു അര്‍ജുനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ നായികയായി ദീപിക എത്തുന്നുവെന്ന വിവരമാണ് സണ്‍ പിക്‌ചേഴ്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന്‍ സീനുകള്‍ അടക്കം ചെയ്യുന്ന ദീപികയുടെ ദൃശ്യങ്ങളാണ് സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും പുറത്തു പോയതിന് പിന്നാലെ എത്തുന്ന ദീപികയുടെ ചിത്രമാണിത്. അല്ലു അര്‍ജുനൊപ്പം ആദ്യമായാണ് ദീപിക സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനൊരുങ്ങുന്നത്. ‘കല്‍ക്കി 2898 എഡി’ക്ക് ശേഷം ദീപിക അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മാത്രമല്ല, അമ്മയായതിന് ശേഷം ദീപിക തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.
ടൈം ട്രാവല്‍ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇതെന്നാണ് സൂചന. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. പുഷ്പ 2വിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായ അല്ലുവിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ഇത്.
അറ്റ്‌ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളില്‍ വ്യത്യസ്തമായെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍ ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം. അല്ലു അര്‍ജുന്‍ ട്രിപ്പിള്‍ റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.