‘അമ്മ’ സംഘടനയിൽ പോസിറ്റീവായ മാറ്റമാണ് ഉണ്ടായതെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ. വ്യക്തികളല്ല, സിസ്റ്റമാണ് മാറേണ്ടതെന്നും ദീദി പറഞ്ഞു. പ്ലാറ്റ്ഫോമാണ് മാറേണ്ടത് എന്നാണ് ഡബ്ല്യുസിസി എല്ലാ കാലത്തും ഓർമ്മപ്പെടുത്തിയതെന്നും ഈ മാറ്റത്തെ പരിഹസിച്ചവർക്ക് തെറ്റിയെന്നും ദീദി കൂട്ടിച്ചേർത്തു. അധികാരസ്ഥാനത്ത് എത്തിയാൽ ഒരു സ്ത്രീക്ക് സ്ത്രീയായി മാത്രമേ പെരുമാറാൻ കഴിയൂ. ഇറങ്ങി പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞു തിരിച്ചു കൊണ്ടുവരേണ്ട സംഘടനയാണ്. അത് അവർ ചെയ്യുമെന്ന് കരുതുന്നു. എന്ത് പിന്തുണയാണ് അതിജീവിതയ്ക്കും ഇറങ്ങിപ്പോയവർക്കും ഇതുവരെ സംഘടന നൽകിയത് എന്ന് എല്ലാവർക്കും അറിയാമെന്നും ദീദി ദാമോദരൻ വിമർശിച്ചു.
അമ്മ സംഘടനയുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ട്രഷറർ ആയി ഉണ്ണി ശിവപാലും വിജയിച്ചു. ജോ.സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് ഇന്നലെ വോട്ട് ചെയ്തത്.
പോളിങ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.