സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനെതിരെ രൂക്ഷവിമര്‍ശനം. പോക്‌സോ കേസ് പ്രതിയായ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററുമായി സഹകരിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. രാം ചരണിന്റെ ‘പെഡ്ഡി’ എന്ന ചിത്രത്തിലെ ‘ചിക്കിരി ചിക്കിരി’ എന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്ത ശേഷം ജാനി റഹ്‌മാനൊപ്പമുള്ള ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതോടെ റഹ്‌മാനെതിരെ വിമര്‍ശനം ഉയരുകയായിരുന്നു.
”ഇതിഹാസമായ എആര്‍ റഹ്‌മാന്‍ സാറിന്റെ ഗാനങ്ങള്‍ കണ്ടും അതിന് നൃത്തം ചെയ്തും വളര്‍ന്നവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ‘ചിക്കിരി ചിക്കിരി’ എന്ന ഈ ചാര്‍ട്ട്ബസ്റ്റര്‍ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാന്‍ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി സര്‍” എന്നാണ് റഹ്‌മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജാനി കുറിച്ചത്.
ഈ പോസ്റ്റ് എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഒരു പോക്‌സോ കേസ് കുറ്റാരോപിതനെ എആര്‍ റഹ്‌മാന്‍ തനിക്കൊപ്പം സഹകരിപ്പിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് പലരും രംഗത്തെത്തി. ഗായിക ചിന്മയി അടക്കം ഇരുപതോളം സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയ ഗാനരചയിതാവ് വൈരമുത്തുവിനോടൊപ്പം റഹ്‌മാന്‍ തന്റെ സഹകരണം നിര്‍ത്തിയിരുന്നു.
പീഡനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ആള്‍ക്കൊപ്പമാണ് എആര്‍ റഹ്‌മാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ജാനി മാസ്റ്ററെ ഡാന്‍സേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയില്ലേ? പിന്നെങ്ങനെയാണ് ഇയാള്‍ക്ക് തുടര്‍ച്ചയായി സിനമകളില്‍ അവസരം ലഭിക്കുന്നത്? റഹ്‌മാന്റെ പ്രവൃത്തിയില്‍ തികഞ്ഞ നിരാശ തോന്നുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്.
അതേസമയം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ സജീവമായ ജാനി മാസ്റ്റര്‍ക്കെതിരെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായ 21 കാരിയാണ് ഹൈദരാബാദിലെ റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് 16 വയസ്സ് ഉള്ളപ്പോള്‍ മുതല്‍ ജാനി പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. ഫോട്ടോഷൂട്ടുകള്‍ക്കും റിഹേഴ്‌സലുകള്‍ക്കുമിടയില്‍ മാനസികമായി പീഡിപ്പിച്ചതായും സംഭവം പുറത്തുപറഞ്ഞാല്‍ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
പിന്നാലെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഗോവയില്‍ വച്ച് ജാനി അറസ്റ്റിലായി. ഇതോടെ ജാനി മാസ്റ്റര്‍ക്ക് ലഭിച്ച മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മരവിപ്പിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ജാനി നിലവില്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്.
നേരത്തെ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ എന്ന ചിത്രത്തില്‍ ജാനി മാസ്റ്ററെ സഹകരിപ്പിച്ചതിനെ തുടര്‍ന്ന് നയന്‍താരക്കും വിഗ്നേഷ് ശിവനുമെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ബിടിഎസ് ചിത്രങ്ങള്‍ ജാനി മാസ്റ്റര്‍ പങ്കുവച്ചിരുന്നു. ‘സ്വീറ്റ് മാസ്റ്റര്‍ ജി, ടീം എല്‍ഐകെ നിങ്ങളെയും നിങ്ങളുടെ വൈബും ഒരുപാട് ഇഷ്ടപ്പെടുന്നു’ എന്ന കുറിപ്പോടെ ആയിരുന്നു വിഗ്‌നേഷ് ജാനി മാസ്റ്റര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.