തന്റെ ഏഴാമത്തെ ഫിലിംഫെയർ അവാർഡ് നേടിയ നിമിഷം അടയാളപ്പെടുത്താൻ ഷാരൂഖ് ഖാനുമായുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവച്ച് കാജോൾ. 1995-ൽ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലൂടെ താൻ ആദ്യമായി ബ്ലാക്ക് ലേഡി അവാർഡ് നേടിയ ഷാരൂഖിനോടൊപ്പമുള്ള ഒരു പഴയകാല ചിത്രത്തോടൊപ്പം കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡിലെ ഇരുവരുടെയും പുതിയൊരു ചിത്രവും കൂടി ചേർത്താണ് ആരാധകർക്കായി കജോൾ പങ്കുവച്ചത്.
‘അത് അന്നായിരുന്നു, ഇത് ഇന്നും… എക്കാലത്തെയും മികച്ച ത്രോബാക്ക്!! എന്റെ ഏഴാമത്തെ ബ്ലാക്ക് ലേഡിയ്ക്ക് @ഫിലിംഫെയറിന് നന്ദി’ എന്ന് മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് കാജോൾ എഴുതി. ഇരുവരും അവാർഡിനൊപ്പം പോസ് ചെയ്യുന്നതാണ് ചിത്രങ്ങളിലുള്ളത്.
ഷാരൂഖും കജോളും രണ്ടു തവണ സിനിമകൾക്ക് ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ , കുച്ച് കുച്ച് ഹോതാ ഹേ എന്നീ സിനിമകൾക്കായിരുന്നു അത്.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കരൺ അർജുൻ (1995), കുച്ച് കുച്ച് ഹോത്താ ഹേ (1998), കഭി ഖുഷി കഭി ഗം (2001), മൈ നെയിം ഈസ് ഖാൻ (2010), ദിൽവാലെ (2015) തുടങ്ങിയ നിരവധി പ്രോജക്ടുകൾക്കായി കജോളും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.