നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ ‘അമ്മ’ നേതൃത്വം ബാധ്യസ്ഥരാണെന്ന് നടൻ ബാബുരാജ്. നിലവിൽ ‘അമ്മ’ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണെന്ന് പറഞ്ഞ ബാബുരാജ് പ്രതികരിക്കാൻ ബാധ്യസ്ഥരായിട്ടും അവർ എസ്കേപ്പ് ചെയ്യുന്നുവെന്നും കുറ്റപ്പെടുത്തി. അതേസമയം ‘അമ്മ’യിൽ താനിപ്പോൾ ഒരംഗം മാത്രമാണെന്നും ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, ‘അമ്മ’യെ നയിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു.
‘പൊങ്കാല’ സിനിമയുടെ പ്രതസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാബുരാജ്. ‘അമ്മ’യുടെ ഇപ്പോഴും തലപ്പത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതിയെന്നും ബാബുരാജ് ചോദിച്ചു. മോഹൻലാൽ മാറിയത് നന്നായി എന്നും ബാബുരാജ് പറഞ്ഞു. വിഷയത്തിൽ ‘അമ്മ’ ഭാരവാഹികൾ പ്രതികരിക്കുമെന്ന് കരുതാമെന്നും ബാബുരാജ് പറഞ്ഞു. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ടെന്നും അവർ അത് നല്ലപോലെ കൈകാര്യം ചെയ്യുമെന്നും ബാബുരാജ് പറഞ്ഞു.
അതേസമയം താനൊരുബ് നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതുകൊണ്ടും കോടതി വിധിയെ ബഹുമാനിക്കണമെന്നും ബാബുരാജ് പറഞ്ഞു. മേൽകോടതികളുണ്ടല്ലോ, അത് അതിൻ്റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ലെന്നും ബാബുരാജ് പറഞ്ഞു.
അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ. ഇവരായതുകൊണ്ട്, ഇവർക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണെന്നും ബാബുരാജ് പറഞ്ഞു.